ഗദ്യം പലവക
ഒഡീസി: ഹോമറുടെ ഭുവനപ്രസിദ്ധമായ ഒരു കൃതിയണു് ‘ഒഡിസി’. ട്രോയ് യുദ്ധത്തിൽ വിജയം വരിച്ചശേഷം തൻ്റെ അനുയായികളോടുകൂടി സ്വദേശമായ ഇഥാകായിലേക്കു യാത്രതിരിച്ച ഒഡീസിക്ക് യാത്രയ്ക്കിടയിൽ നേരിട്ടുന്ന വിപത്തുകളും വീരസാഹസികാനുഭവങ്ങളുമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നതു്.
ഒഡീസിയിലെ കഥാപാത്രങ്ങളേയും അതിൽ വിവരിച്ചിട്ടുള്ള സംഭവങ്ങളേയും കുറിച്ചു കേരളീയർക്കു സാമാന്യജ്ഞാനം നല്കുവാൻ ഈ വിവർത്തനം എല്ലാ വിധത്തിലും പ്രയോജനപ്പെടുന്നതാണു്. വിവർത്തനകലയിൽ അതിവിദഗ്ദ്ധനെന്നു പേർപെറ്റ സി. മാധവൻപിള്ളയുടെ സരളമായ ഗദ്യശൈലിയെപ്പറ്റി വിശേഷിച്ചൊന്നും പറയേണ്ടതായിട്ടില്ല.
രാജയോഗം, മനഃശക്തി : കുമാരനാശാൻ ഇംഗ്ലീഷിൽനിന്നു വിവർത്തനം ചെയ്തിട്ടുള്ള രണ്ടു വിശിഷ്ടകൃതികളാണിവ. ക്രിസ്തുദേവാനുകരണം (Imitation of Christ) എന്ന വിശ്രുതകൃതിയുടെ മനോഹരമായ ഒരു വിവർത്തനമാണു് മയ്യനാട്ട് എ. ജോൺ ബി.എ.യുടെ ക്രിസ്തുദേവാനുകരണം.
സുമാർഗ്ഗപ്രകാശിക : ഗിബൺസൻ്റെ ഒരു കൃതിയുടെ തർജ്ജമയാണു് സി. അന്തപ്പായി ബി. എ യുടെ ‘സുമാർഗ്ഗപ്രകാശിക’.
സനാതനധർമ്മം: കാശിയിലെ ഹിന്ദുവിദ്യാലയത്തിൻ്റെ നിർവ്വാഹക സംഘക്കാർ അനേക പണ്ഡിതന്മാരുടെ സഹായത്തോടുകൂടി നിർമ്മിച്ചിട്ടുള്ള വേദാന്ത തത്ത്വ പ്രതിപാദിതമായ ഒരു ഗ്രന്ഥമാണു് ‘സനാതന ധമ്മം. പ്രതിപാദ്യത്തെ മൂന്നു കാണ്ഡങ്ങളായി വിഭജിച്ചു ഹിന്ദുമത സംബന്ധമായ മൂലതത്ത്വങ്ങൾ ആറദ്ധ്യായങ്ങളിൽ പ്രഥമകാണ്ഡത്തിലും ഹിന്ദുമതസംബന്ധമായ സാമാന്യ ആചാരങ്ങളും സംസ്‌കാരങ്ങളും ഏഴദ്ധ്യായങ്ങളിൽ ദ്വിതീയകാണ്ഡത്തിലും, സന്മാർഗ്ഗോപദേശങ്ങൾ പതിനൊന്ന് അദ്ധ്യായങ്ങളിൽ തൃതീയകാണ്ഡത്തിലും വിശദീകരിച്ചിരിക്കുന്നു. സനാതനധർമ്മത്തെപ്പറ്റി പഠിക്കുവാൻ പര്യാപ്തമായ ഒരു ഉപരിഗ്രന്ഥമാണിതു്. പള്ളിയിൽ കൃഷ്ണമേനോൻ ഭാഷാന്തരം പ്രസ്തുത കൃതി ഭാഷയ്ക്ക് ഒരു നേട്ടംതന്നെയാണു്. കേരളകല്പദ്രുമം അച്ചുക്കൂടത്തിൽനിന്ന് 1085-ലാണു് ഇതു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്.
ആത്മരഹസ്യങ്ങൾ സർ മുഹമ്മദ് ഇഖ്ബാൽ പെർഷ്യൻഭാഷയിൽ എഴുതിയിട്ടുള്ള ‘അസ്റാറെ ഖുദി’ (Secrets of the Self) എന്ന വിഖ്യാതകൃതി. വക്കം എം. അബ്‌ദുൾഖാദർ പരിഭാഷപ്പെടുത്തിയിട്ടുള്ളതാണു് ‘ആത്മരഹസ്യങ്ങൾ’. ‘പ്രപഞ്ചപ്രതിഷ്ഠ ആത്മതത്ത്വത്തിലാണെന്നും, ഓരോ വ്യക്തിയുടേയും ജീവിതോൽക്കർഷം ആത്മാവിനെ ബലിഷ്ഠമാക്കുന്നതിലുള്ള ശക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്നും’ ഉള്ള ആശയത്തെ വികാരനിഭരമായി ഇഖ്ബാൽ പ്രസ്തുത കൃതിയിൽ പ്രതിപാദിച്ചിരിക്കുന്നു.
