ഗദ്യസാഹിത്യചരിത്രം. ഇരുപത്തിരണ്ടാമദ്ധ്യായം

ഗദ്യം പലവക

വിവർത്തനങ്ങൾ

ജീവചരിത്രങ്ങൾ, നോവലുകൾ, ചെറുകഥകൾ, നാടകങ്ങൾ മുതലായ ഗദ്യവിവർത്തനങ്ങളെപ്പറ്റി അതതു് അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ടല്ലൊ. അവയിൽനിന്നു ഭിന്നമായി പുരാണേതിഹാസങ്ങളേയും മാറ്റു കാവ്യങ്ങളേയും ആദ്ധ്യാത്മികഗ്രന്ഥങ്ങളേയും തർജ്ജമചെയ്തും ഭാഷയിൽ ഗദ്യസമ്പത്തു വർദ്ധിപ്പിച്ചിട്ടുണ്ടു്. അത്തരം ചില കൃതികളെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നതു്.

പുരാണങ്ങൾ: പുരാണകഥകളെ ആദ്യമായി ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തതു കണ്ണശ്ശൻ മുതൽപേരാണെന്നു തോന്നുന്നു. അത്തരം പ്രാചീനകൃതികളെപ്പറ്റി 2-ാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടു്. ആധുനിക കാലത്തുണ്ടായ വിവർത്തനങ്ങളിൽ വള്ളത്തോളിൻ്റെ ഗദ്യരൂപത്തിലുള്ള പുരാണങ്ങൾ മുഖ്യങ്ങളാകുന്നു. പത്മപുരാണം, വാമനപുരാണം, മത്സ്യപുരാണം. മാർക്കണ്ഡേയപുരാണം എന്നിവ മഹാകവി വിവർത്തനം ചെയ്തിട്ടുള്ളവയത്രെ. ‘ശ്രീമഹാഭാഗവത’ത്തെ ഭാഷാഗദ്യമായി പണ്ഡിതർ ഈ. വി. രാമൻനമ്പൂതിരി ഈയിടെ വിവർത്തനം ചെയ്തിട്ടുണ്ട്. ഇതു രണ്ടു ഭാഗങ്ങളായിട്ടാണു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. കുന്നത്തു ജനാർദ്ദനമേനോൻ്റെ വിവർത്തനങ്ങളിൽ ‘ഭാരതം ഗദ്യ’വും, ‘ശ്രീമൂല രാമായണ’വും പ്രാധാന്യമർഹിക്കുന്നു. ഭാരതം ഗദ്യം, 5 ഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വാല്മീകിരാമായണത്തിൻ്റെ ഗദ്യവിവർത്തനമാണു് ‘ശ്രീമൂലരാമായണം.’ പ്രസ്തുത കൃതി രണ്ടു ഭാഗങ്ങളായി തിരിച്ചു ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം എന്നിവയെ പൂർവ്വഭാഗത്തിലും, കിഷ്ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം ഇവയെ ഉത്തരഭാഗത്തിലും ഉൾപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ജനാർദ്ദനമേനോൻ ഗദ്യത്തിനുള്ള അടുക്കും ഔർജ്ജിത്യവും ഈ തർജ്ജമകളിലും കാണാം. സരസഗദ്യകാരനായ സി. വി. കുഞ്ഞുരാമൻ വാല്മീകിരാമായണം, വ്യാസഭാരതം എന്നീ ഇതിഹാസഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തിട്ടുള്ളതും ഈയവസരത്തിൽ പ്രസ്താവയോഗ്യമാണു്. മഹാഭാരതത്തിനു നാണുപിള്ള ആശാൻ തുടങ്ങിയ മറ്റുചിലരും ചില തർജ്ജമകൾ ചെയ്തിട്ടുണ്ടു്. ദേവീഭാഗവതം. തുളസീദാസരാമായണം എന്നിവയ്ക്ക് കെ. രാമൻമേനോൻ, കാവുങ്ങൽ നീലകണ്ഠപ്പിള്ള എന്നിവർ യഥാക്രയം ചെയ്തിട്ടുള്ള ഗദ്യവിവർത്തനങ്ങളും ഇവിടെ വിസ്മരിക്കത്തക്കവയല്ല.

ഇലിയഡ്: മദ്ധ്യേഷ്യയിൽ ആര്യസംസ്‌കാരലതയുടെ ഇരു ശാഖകളിൽ ഓരോന്നിലും ഉല്പന്നമായ അനർഘകുസുമങ്ങളാണു ഇൻഡ്യയിലെ രാമായണഭാരതകാവ്യങ്ങളും, ഗ്രീസിലെ ഇലിയഡ്, ഒഡിസി എന്നീ കാവ്യങ്ങളും. ഭാരതത്തിലെ ആദികാവ്യത്തിൻ്റെ കർത്താവു് വാല്മികിയാണെങ്കിൽ, ഗ്രീസിലെ ആദികാവ്യത്തിൻ്റെ കർത്താവു് ഹോമർ എന്ന മഹാകവിയുമത്രെ. മഹാകവി ടാഗോറിൻ്റെ വാക്കുകൾതന്നെ കേൾക്കുക:

“ഹോമർ ഗ്രീക്കുകാരുടെ വാല്മീകിയാണു്. രണ്ടു മഹാകവികളുടെ കവിതാവിഷയങ്ങൾക്കും, ആശയഗതികൾക്കും വളരെ സാമ്യമുണ്ട്. വാല്മികിരാമായണം, ഭാരതത്തിൻ്റെ ഹൃദയം തുറന്നുകാട്ടുന്നതുപോലെ, ഇലിയഡ് ഗ്രീസിൻ്റെ പുരാതന സംസ്‌കാരം വെളിച്ചത്തു കൊണ്ടുവരുന്നു.” താദൃശമായ ആ വിശ്വമഹാകാവ്യത്തിൻ്റെ മനോഹരമായ ഒരു വിവർത്തനമാണു് കെ. എ. പോളിൻ്റെ ‘ഇലിയഡ്” (2 ഭാഗങ്ങൾ). ഇടയ്ക്ക് ഒരു വിശദീകരണംകൂടി ചെയ്തുകൊള്ളട്ടെ, ഹോമർ ഗ്രീക്കുഭാഷയിൽ എഴുതിയിട്ടുള്ള മൂലകൃതിയുടെ അധികൃതമായ ഇംഗ്ലീഷ് പരിഭാഷയാണു് മലയാളവിവർത്തകൻ അവലംബമാക്കിയിട്ടുള്ളതു് എന്ന വസ്തുതയും ഇവിടെ സ്മരണാർഹമാണു് — 600 — ഓളം പേജുകളുള്ള പോളിൻ്റെ പ്രസ്തുത വിവർത്തനഗ്രന്ഥത്തിൻ്റെ ഒന്നാം ഭാഗത്തിൽ, 1 മുതൽ 12 വരെയും, രണ്ടാം ഭാഗത്തിൽ 13 മുതൽ 24 വരെയും പുസ്തകങ്ങൾ (അദ്ധ്യായങ്ങൾ) അടങ്ങിയിരിക്കുന്നു. മഹാകവി ഹോമറുടെ ആശയഗതികളുമായി പരിചയപ്പെടുവാൻ ഇലിയഡിൻ്റെ ഈ സമ്പൂർണ്ണ വിവർത്തനം കേരളീയർക്ക് ഉപകാരപ്രദമായിത്തീർന്നിട്ടുണ്ടു്. പ്ലേറേറായുടെ ഭുവനപ്രസിദ്ധമായ ‘റിപ്പബ്ലിക്ക്’ എന്ന കൃതിയും പോൾ പരിഭാഷപ്പെടുത്തിക്കഴിഞ്ഞിരിക്കയാണു്. മലയാളഭാഷയ്ക്ക് ഈടുറ്റ മുതൽക്കൂട്ടുകളാണിവയെല്ലാംതന്നെ.