ഗദ്യം പലവക
ഹൈന്ദവധർമ്മസുധാകരം: ” എത്രായോവിപുലവും അഗാധവും ദുർഗ്രാഹ്യവും ദുഷ്പ്രപവും ആയ ശ്രൗതസ്മാർത്തപുരാണേതിഹാസ ഗ്രന്ഥപരമ്പരയിൽ നിഗൂഢങ്ങളായി കിടക്കുന്ന ഹൈന്ദവതത്ത്വങ്ങളെ സഞ്ചയിച്ചു ക്രമപ്പെടുത്തി, സപ്രമാണം ഉപപാദിച്ച് സോദാഹരണം വിശദീകരിച്ച് നല്ല ഭാഷയിലാക്കുവാൻ” ഒ. എം. ചെറിയാൻ ചെയ്ത മഹാശ്രമത്തിൻ്റെറ ഫലമായി ഉടലെടുത്ത ഒരു വിശിഷ്ട ഗ്രന്ഥമാണു് ‘ഹൈന്ദവധർമ്മസുധാകരം’– ഭാഗവതമെന്ന ഭാഗം. ഇതു മൂന്നു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തുവാനാണു് ഗ്രന്ഥകാരൻ ശ്രമം ചെയ്തിരുന്നതു്. എന്നാൽ രണ്ടു ഭാഗങ്ങളേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളു എന്നു തോന്നുന്നു. ഒന്നാംഭാഗം 1110-ലും, രണ്ടാംഭാഗം 1114-ലുമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ബ്രഹ്മകാണ്ഡം, രംഗകാണ്ഡം, ഉൽപത്തികാണ്ഡം, ചരിത്രകാണ്ഡം എന്ന നാലു പ്രധാന ഖണ്ഡങ്ങളായി തിരിച്ചു, ‘അഥാതോ, ബ്രഹ്മജിജ്ഞാസാ’ എന്ന ഉപനിഷദ് വാക്യത്തിലടങ്ങിയ ബ്രഹ്മചർച്ച മുതൽ ഭാഗവതപുരാണാന്തർഗതമായ ‘വംശാനുകീർത്തനംവരെ’യുള്ള ഭാഗങ്ങളാണു്, രാജകീയ വലുപ്പത്തിൽ 275 പുറങ്ങളുള്ള ഒന്നാം ഭാഗത്തിൽ കൊള്ളിച്ചിട്ടുള്ളത്. രണ്ടാം ഭാഗം ഏഴുകാണ്ഡങ്ങളായി തിരിച്ച് സനകകാലം മുതൽ ബ്രഹ്മപുത്രനായ അംഗിരസ്സുവരെയുള്ള പ്രജാപതികളുടെ ചരിത്രം 170 പേജിൽ സംക്ഷേപിച്ചിരിക്കുന്നു. “സംസ്കൃതം, ഇംഗ്ലിഷ്, മലയാളം ഈ ഭാഷകളിൽ അഖണ്ഡിതമായ വൈദുഷ്യവും, ആത്യന്തികമായ ക്ലേശസഹിഷ്ണുതയും സാർവദികമായ പരിശ്രമവും സദ്വിഷയത്തിലുള്ള ശ്രദ്ധയും ഒരുമിച്ച് ഒരാളിൽ ഇരിക്കുന്നുണ്ടെങ്കിൽ ആ ആളെക്കൊണ്ടല്ലാതെ ഈമാതിരി കാര്യം സാധിക്കാൻ കഴിയുന്നതല്ല” എന്നു പുന്നശ്ശേരിനമ്പി ഈ ഗ്രന്ഥത്തെപ്പറ്റി അഭിപ്രായപ്പെട്ടുകാണുന്നു. ഈ ഗ്രന്ഥ നിർമ്മിതിയിൽ മഹാപണ്ഡിതനായ മാക്‌സ് മുള്ളർ മാർഗ്ഗദർശിയായിത്തീർന്നിട്ടുണ്ടെങ്കിലും ചെറിയാൻ മതിപ്രഭാവത്തേയും ബ്രഹ്മാണ്ഡയത്നത്തേയും കൊണ്ടാടാതിരിക്കുവാൻ ഒരു കേരളീയപണ്ഡിതനും സാദ്ധ്യമല്ല. ക്രൈസ്തവധർമ്മനവനീതം, ഭൂവിവരണസിദ്ധാന്തസംഗ്രഹം, ആത്മസംസ്ക്‌കാരം എന്നിങ്ങനെയുള്ള മറ്റുചില കൃതികളും ചെറിയാൻ എഴുതിയിട്ടുണ്ട്.* (ഒ. എം. ചെറിയാൻ കോട്ടയത്തു പുതുപ്പള്ളി ഒറ്റപ്ലാക്കൽ മാത്യുവിൻ്റെ പുത്രനായി 1049 മിഥുനം 30-നു ജനിച്ചു. 1119 മകരം 19-ാംനു ദിവംഗതനായി.)
ആർഷജ്ഞാനം: ഇംഗ്ലീഷിലും സംസ്കൃതത്തിലും ഉള്ള അനേകം പ്രമാണഗ്രന്ഥങ്ങളെ വായിച്ചു മനസ്സിലാക്കി അവയുടെ സഹായത്തോടു കൂടി മഹത്തായ ഹൈന്ദവതത്ത്വങ്ങളെ വിസ്തരിച്ചു വിശദപ്പെടുത്തിയിട്ടുള്ള ഒരു ബൃഹത്ഗ്രന്ഥമാണു് നാലപ്പാട്ടു നാരായണമേനോൻ്റെ ‘ആർഷ ജ്ഞാനം’. ബ്രഹ്മാണ്ഡം, ത്രൈലോക്യം, ത്രിമൂർത്തികൾ, ദേവാസുരഗണം. ഭൂലോകം, പിണ്ഡാണ്ഡം, സംസ്കൃതി, കാലചക്രം, അവതാരങ്ങൾ, വർണ്ണാശ്രമധർമ്മം, രാജയോഗം, മന്ത്രയോഗം, ഭക്തിയോഗം, കർമ്മയോഗം, ഹിന്ദുമതത്തിൻ്റെ ഉൾപ്പിരിവുകൾ എന്നീ വിഷയങ്ങളെ 15 അദ്ധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ആർഷജ്ഞാനത്തിൻ്റെ ആധുനികമായ ഒരു വ്യാഖ്യാനമാണു് പ്രസ്തുത ഗ്രന്ഥമെന്നു പറയാം. മദ്രാസ് ഗവൺമെൻ്റെിൻ്റെ പാരിതോഷികത്തിനു 1953-ൽ അർഹത സിദ്ധിച്ച ഒരു കൃതിയാണിതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
