പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

കല്യാണിക്കുട്ടി അമ്മച്ചി: 1055-ൽ നാടുനീങ്ങിയ തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാൾതമ്പുരാൻ്റെ പ്രിയതമയായിരുന്നു ഇവർ. കൊച്ചി മുകുന്ദപുരം താലൂക്കിൽ, വള്ളൂർക്കരപ്പകുതിയിൽ മാതൃപ്പള്ളിവീട്ടിൽ കുഞ്ഞുലക്ഷ്മി അമ്മയുടേയും ചെറുപറമ്പിൽ കുഞ്ഞുകൃഷ്ണമേനോൻ്റേയും ദ്വിതീയസന്താനമായി 1014-ൽ കല്യാണിക്കുട്ടിയമ്മ ജനിച്ചു. 1038-ൽ ഈ സൗഭാഗ്യവതിയെ ആയില്യം തിരുനാൾതമ്പുരാൻ പത്നിയായി – അമ്മച്ചിയായി – കൈക്കൊണ്ടു. പിന്നീട് അവർ തിരുവനന്തപുരത്തുള്ള സുപ്രസിദ്ധ രാജദാരഗൃഹങ്ങളിൽ ഒന്നായ നാഗരുകോവിൽ അമ്മവീട്ടിലേക്കു ദത്തെടുക്കപ്പെട്ടു. അങ്ങനെയാണു് മാതൃപ്പള്ളി കല്യാണിക്കുട്ടിയമ്മ നാഗരുകോവിൽ കല്യാണിക്കുട്ടി അമ്മച്ചിയായിത്തീർന്നതു്. 1084-ൽ ഇവർ മരണമടഞ്ഞു. സംസ്കൃതത്തിലും മലയാളത്തിലും ഈ മഹതി നിപുണയായിരുന്നു. രാസക്രീഡ, അംബരീഷചരിതം, പാർവ്വതീസ്വയംവരം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും, സ്തവമാലിക, പാതിവ്രത്യപഞ്ചകം തുടങ്ങിയ മറ്റു ചില കൃതികളും ചമച്ചിട്ടുണ്ട്. ‘പാതിവ്രത്യപഞ്ചക’ത്തിൽനിന്നും ഒരു പദ്യം ഇവിടെ പ്രദർശിപ്പിക്കാം:

ജാതിശ്രേഷ്ഠത കുമ്പിടുന്നു വഴി തൂത്തീടുന്നു സൗന്ദര്യവും
ഖ്യാതിപ്പെണ്മണി പൊൻപിടിക്കുട പിടിച്ചീടുന്നു കൂടും മുദാ;
ഭൂതിക്കാറണിവേണി കല്പനകൾ കേട്ടീടുന്നു പെൺനാട്ടിലി–
പ്പാതിവ്രത്യമഹാമഹേശ്വരിയെഴുന്നെള്ളിജ്ജയിക്കുന്നഹോ!

സ്തവമാലികയിലെ പദ്യസരത്തിൽനിന്നും ഒരു പദ്യം ഉദ്ധരിച്ചുകൊള്ളട്ടെ.

വരഗുണദായിനി വാചാം
വരഗജഗമനേ സരോജചാരുമുഖീ
സരസിജസംഭവ ദയിതേ
സുരനതചരണേ! കരുഷ്വ മേ കുശലം