പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

ഇക്കു അമ്മത്തമ്പുരാട്ടി: തൃപ്പൂണിത്തുറ രാജകുടുംബത്തിൽ 1019 മേടമാസത്തിൽ ജനിച്ചു. 1096 മീനമാസത്തിൽ തീപ്പെട്ട സുഭദ്രയെന്ന ഇക്കുഅമ്മത്തമ്പുരാട്ടി, വൈദുഷ്യമേറിയ ഒരു കാവ്യകർത്രിയായിരുന്നു. കാവ്യനാടകാലങ്കാരങ്ങൾ, തർക്കം, വ്യാകരണം എന്നിവ ഓരോന്നും, അതതിൽ അതിവിദഗ്ദ്ധന്മാരായിരുന്ന പാലപ്പുറത്തു നമ്പൂരിപ്പാട്, എടപ്പലത്തു നമ്പൂരി എന്നിവരിൽനിന്നു യഥാക്രമം അഭ്യസിച്ചു. വിദ്യാഭ്യാസഘട്ടത്തിൽത്തന്നെ തമ്പുരാട്ടി പരിണീതയുമായി. തന്ത്രസമുച്ചയകർത്താവായ ചേന്നാസ്സുനമ്പൂരിപ്പാട്ടിലെ വംശജനായ ഒരു പണ്ഡിതനാണു് ഈ മഹതിയെ പരിഗ്രഹിച്ചതു്. ആ ദമ്പതിമാരിൽനിന്നു സംജാതനായ ഒരു പുത്രനാണു് 1121-ൽ കൊച്ചിയിലെ മഹാരാജാവായി സ്ഥാനാരോഹണം ചെയ്ത് കേരളത്തിൽ ഭാഗികമായിട്ടെങ്കിലും ആദ്യമായി ജനകീയഭരണം അനുവദിക്കുകയും, ഐക്യകേരളപ്രസ്ഥാനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ഉത്രാടം തിരുനാൾ കേരളവർമ്മത്തമ്പുരാൻ ബി. എ. എന്നുള്ള വസ്തുതയും ഈയവസരത്തിൽ അനുസ്മരിപ്പിച്ചുകൊള്ളട്ടെ.

സംസ്കൃതത്തിലും മലയാളത്തിലും അസാമാന്യ വൈദുഷ്യം നേടിയിരുന്ന അമ്മത്തമ്പുരാട്ടി ഇരു ഭാഷകളിലും അനേകം വിശിഷ്ടകൃതികൾ രചിച്ചിട്ടുണ്ട്. ഭാഷാ കവിതയിൽ അക്കാലത്തു പ്രചാരത്തിലിരുന്ന പല പ്രസ്ഥാനങ്ങളിലും ഈ വിദുഷീരത്നത്തിൻ്റെ കരാംഗുലികൾ സവിശേഷം സ്പർശിച്ചിരുന്നു. പൂർണ്ണത്രയീശ ഭഗവദ്ധ്യാനപ്പാന, യുദ്ധകാണ്ഡം പാന, അഷ്ടമിരോഹിണീമാഹാത്മ്യം കിളിപ്പാട്ട്, കംസവധം തുള്ളൽ, ഭിക്ഷുഗീത തുള്ളൽ, ധ്രുവചരിതം മണിപ്രവാളം, പൂതനാമോക്ഷം കൈകൊട്ടിക്കളിപ്പാട്ട് തുടങ്ങിയവ അങ്ങനെ ഉത്ഭവിച്ചിട്ടുള്ളവയിൽ പ്രധാനകൃതികളാണു്. ഭക്തിയും മാധുര്യവും അമ്മത്തമ്പുരാട്ടിയുടെ ഏതു് കൃതിയിലും ആപാദശിഖം തെളിഞ്ഞുകാണാം.