പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

സ്വച്ഛന്ദമായി പായുന്ന ഈ ശബ്ദപ്രപഞ്ചം ഒന്നുമാത്രം മതി തങ്കച്ചിയുടെ കവിതയുടെ മാറ്റും നിറവും വ്യക്തമാക്കുവാൻ. ശ്രീമതീസ്വയംവരത്തിൽനിന്ന് ആണ് താഴെ പറയുന്ന പദ്യം ഇവിടെ ഉദ്ധരിക്കുന്നത്:

വേണീ ശ്യാമളകാന്തിനിർജ്ജിതഘനശ്രേണീം സുവക്ത്രാം ലസ-
ദ്വീണാപുസ്തകരാജിതാംബുജകരാം ശുഭ്രാഭ്രശോഭാംബരാം
ഏണീശാബവിലോലചാരുനയനാം പൂർണ്ണാനുകമ്പാ സുധാ-
വേണീം വാരിജസംഭവപ്രണയിനീം വാണീം സുവേണീം ഭജേ.

അജ്ഞാതവാസം: 1065 മാണ്ടിടയ്ക്കു പ്രസിദ്ധീകൃതമായ ഈ കൃതി ഗുണവിഷയത്തിൽ വളരെ മെച്ചമല്ലെന്നു ഉള്ളൂർ അഭിപ്രായപ്പെടുന്നു. മറ്റു പലതിനെ ഉപജീവിച്ചു് എഴുതിയിട്ടുള്ളതാകയാൽ സ്വാതന്ത്രത എന്ന നിലയും ഇല്ലെന്നു സമ്മതിക്കണം. എങ്കിലും കേരളീയ കവയിത്രികളിൽ തങ്കച്ചിയിൽനിന്നാണു ഒരു നാടകം ആദ്യമായി ഉടലെടുക്കുന്നതു് എന്ന വസ്തുത ആലോചിക്കുമ്പോൾ അജ്ഞാതവാസത്തിനു ചരിത്രപരമായുള്ള ഒരു പ്രാധാന്യം ആരും വകവച്ചുകൊടുക്കേണ്ടതുണ്ട്. രചനാശില്പം അഭിനന്ദനീയവുമാണു്.

തുള്ളിച്ചാടുന്ന പുള്ളിക്കനകമൃഗതതിക്കുള്ളൊരാടോപമെല്ലാം
തള്ളിപ്പാരം കെടുക്കും ചടുലമിഴി! മദോന്മത്തമാതങ്ഗയാനേ!
ഉള്ളിൽക്കാമാർത്തനായ്പണ്ടഹിമകിരണനും സൂതനെപ്പുൽകിയില്ലേ?
ചൊല്ലീടന്നെന്തു മാനക്ഷയമതിലുളവായമ്മഹാനംബുജാക്ഷി?

പൂർവ്വാർദ്ധത്തിലെ സംബുദ്ധിതന്നെ എത്ര ചേതസ്സമാകർഷകം!