കേരളീയ കവയിത്രികൾ
ജീവിതത്തിലെ പരാധീനതകളും പരാജയങ്ങളും സ്വാനുഭവത്തോടുകൂടി സ്വകൃതികളിൽ ആവിഷ്കരിക്കുവാൻ കവയിത്രിക്കു സാധിച്ചിട്ടുണ്ട്. ജീവിതത്തെപ്പറ്റി കുറെയൊക്കെ അന്തർമ്മുഖമായി ചിന്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ‘രണ്ടു കണ്ണീർക്കണികക’ളിൽ ആത്മാവിൻ്റെ വേദനയാണു്. ശുദ്ധസത്വാത്മകമായ ഒരന്തരീക്ഷത്തിലേക്കു കവയിത്രിയുടെ ഭാവനയെ നയിച്ചിട്ടുള്ളതെന്നു തോന്നുന്നു.
വീഴാൻ മടിച്ചതാ തങ്ങിനില്ക്കുന്നു വെൺ–
തൂമുത്തുപോൽ രണ്ടു കണ്ണീർക്കണികകൾ
എൻ കണ്ണിണയിൽ–എൻ തപ്തചിത്തം പ്രതി–
ബിംബിക്കുമിക്കൊച്ചു വാതായനങ്ങളിൽ
എന്നെത്തകർത്തൊരെൻ ജീവിതസ്വപ്നങ്ങൾ
നിന്നു തിളങ്ങുന്ന കണ്ണീർക്കണങ്ങളേ!
നില്ക്കണേ, താഴോട്ടു വീഴാതെ നിങ്ങളീ–
ശുഷ്ക്കമാം ജീവന്നു താങ്ങും തുണയുമായ്.
മുഗ്ദ്ധപ്രതീക്ഷകൾ മൊട്ടിട്ടുനിന്നോരു
ശുദ്ധമനോജ്ഞമാം കൗമാരവല്ലരി
ഉഗ്രതാപമേറ്റു വാടിക്കരിഞ്ഞപ്പൊ–
ളുത്ഭവിച്ചെൻ മിഴിത്താരിലീ നീർക്കണം
നവ്യാഭിലാഷങ്ങൾ മൊട്ടിട്ടു നിന്നതാം
യൗവനം മോഹനമാസ്വാദനോന്മുഖം
ആശകൾതൻ ചുടുകാടാക്കി മാറ്റിയ
നീതിയാൽ പോഷിതമീ മിഴിനീർക്കണം.
ഇങ്ങനെ തുടരുന്ന ആ വരികൾ സന്തപ്തമായ ഒരു ഹൃദയത്തിൻ്റെ അഗാധതയിൽ നിന്നും ഉദ്‌ഗതമാകുന്ന ബാഷ്പമണികൾതന്നെയാണു്. ഉദ്യോഗത്തിൽനിന്നു വിരമിച്ചു കവിതാനിർമ്മാണ വ്യവസായത്തിൽ ചില പുതിയ പരീക്ഷണങ്ങളുമായി ഏകാന്തശാന്തമായ ജീവിതം നയിക്കുന്ന ഈ കവയിത്രിയിൽനിന്നു നല്ല കൃതികൾ പലതും പ്രതീക്ഷിക്കാവുന്നതാണു്. അന്തിനക്ഷത്രം, പൂജാപുഷ്പം എന്നിവ ഒടുവിൽ പുറപ്പെടുവിച്ച സമാഹാരങ്ങളത്രേ.
