കേരളീയ കവയിത്രികൾ
കുട്ടിക്കുഞ്ഞുതങ്കച്ചി: പ്രസിദ്ധ കവിയും, ദക്ഷയാഗം തുടങ്ങിയ ആട്ടക്കഥകളുടെ കർത്താവുമായ ഇരയിമ്മൻ (രവിവർമ്മൻ) തമ്പിയുടെ പുത്രിയാണു് കുട്ടിക്കുഞ്ഞുതങ്കച്ചി. പഴയ തലമുറയിലെ കവയിത്രികളിൽ നമ്മുടെ ആദരാഭിനന്ദനങ്ങളെ കൂടുതൽ അർഹിക്കുന്ന ഒരു വനിതാരത്നമാണവർ. കൊല്ലം 995 മുതൽ 1079 വരെയായിരുന്നു ജീവിതകാലം. കവയിത്രിയുടെ 14-ാമത്തെ വയസ്സിൽ വിവാഹിതയായി. ചേർത്തല വാരനാട്ടുകോവിലകത്തു കുഞ്ഞൻ തമ്പാനായിരുന്നു പ്രിയതമൻ. കാവ്യനാടകാദികൾ അഭ്യസിപ്പിക്കുന്നതിൽ പ്രധാന ഗുരുഭൂതൻ അവിടുത്തെ പിതാവുതന്നെയായിരുന്നു. സംഗീത സാഹിത്യാദികളിൽ അതിവേഗത്തിൽ നൈപുണ്യം നേടിയ ഈ മഹതി അക്കാലത്ത് ഒട്ടേറെ ഭാഷാകൃതികൾ നിർമ്മിക്കാതിരുന്നില്ല. ശ്രീമതീസ്വയംവരം, പാർവ്വതീസ്വയംവരം തുടങ്ങിയ ആട്ടക്കഥകൾ, സ്ഥലപുരാണസംബന്ധമായ മൂന്നു കിളിപ്പാട്ടുകൾ, അനേകം ഒറ്റ ശ്ലോകങ്ങൾ, കല്യാണാഘോഷം മണിപ്രവാളം, അനേകം സ്തോത്രങ്ങൾ, തിരുവാതിരപ്പാട്ടുകൾ, ‘അജ്ഞാതവാസം’ നാടകം ഇങ്ങനെ ബഹുമുഖങ്ങളായ അനവധി കൃതികൾ ഈ മഹതിയിൽനിന്നും കൈരളിക്കു ലഭിച്ചിട്ടുണ്ട്. സംഗീതാത്മകമായ ശയ്യ, അപ്രതിഹതമായ ശബ്ദപ്രവാഹം മുതലായവ ഈ കവയിത്രിയുടെ കൃതികൾക്കുള്ള ചില ഗുണവിശേഷങ്ങളാണു്. ഗംഗാസ്നാനം തുള്ളലിൽനിന്നു ചില വരികൾ ഉദ്ധരിക്കാം:
ആറും പനിമതി ചീറുംപാമ്പൊടു-നീറും വെണ്മയിലേറുമെലിമ്പും
വേറുപെടാതിഹ മാനും മഴുവും-മാറിൽ ബ്രഹ്മക പാലവുമങ്ങനെ
