പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

മുതുകുളം പാർവ്വതിഅമ്മ : ചിരകാലമായി പ്രവർത്തിച്ചു് സാഹിത്യലോകത്തിൽ പ്രസിദ്ധി സമ്പാദിച്ചുകഴിഞ്ഞിട്ടുള്ള ഒരു പ്രൗഢകവയിത്രിയാണു് പാർവ്വതിഅമ്മ. കാർത്തികപ്പള്ളി താലൂക്കിലുള്ള മുതുകുളം ദേശത്തു തയ്ക്കാട്ടുശ്ശേരിൽ രാമപ്പണിക്കരുടെ പുത്രിയായി 1079-ാ മാണ്ട് മകര മാസം 15-ാം തീയതി ഈ കവയിത്രി ജനിച്ചു. വസ്തുനിഷ്ഠമായ രീതിയിലാണ് അധികം കൃതികളും എഴുതിയിട്ടുള്ളതു്. പ്രസന്നവും പ്രൗഢവുമായ ഭാഷ, ആശയസമ്പന്നത, ആദർശപ്രേമം, ഭൂതാനുകമ്പ മുതലായവ അവരുടെ കൃതികൾക്കുള്ള ചില പ്രത്യേക ഗുണങ്ങളത്രെ. ‘ഉദയപ്രഭ’യുടെ അവതാരികയിൽ, മഹാകവി കുമാരനാശാൻ്റെ ഒരു വിനീതശിഷ്യയെന്നു പാർവ്വതിഅമ്മയെ, രണ്ടുപേരുടെയും കാവ്യശൈലികൾ പരിശോധിക്കുന്നവർക്കു പ്രശംസിക്കുവാൻ കഴിയും എന്നു മഹാകവി ഉള്ളൂർ പ്രസ്താവിച്ചിട്ടുള്ളതു് കലർപ്പില്ലാത്ത ഒരു പരമാർത്ഥം തന്നെയാണു്. ‘അപവാദം’ എന്ന കൃതിയിൽനിന്നു രണ്ടുമൂന്നു പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കാം:

മാനഹാനിയിലുമെത്ര കാമ്യമാം–മാനികൾക്കു മൃതിയെന്ന വാസ്തവം
നീ നിനച്ചിളയിലെത്ര ധന്യരെ–ദ്ദീനരാക്കിയപമൃത്യു ചേർപ്പു ഹാ!
ഹന്ത, കഷ്ട,മപവാദഭൂമേ!–സ്വാന്ത സൽപ്രഭ ചൊരിഞ്ഞുയർന്നിടും
ബന്ധുരാത്മകരെയെത്ര പേരെ നീ–യന്ധമാം ചുഴിയിലാഴ്ത്തിടുന്നയേ?
ആരു നിൻ നിശിതദംഷ്ട്രകൾക്കെഴും–ക്രൂരശല്യമറിയാതെയൂഴിയിൽ?
ആരു നിൻ കൊടിയ താപമേറ്റു ഹൃ–ത്താരുവാടി വലയാതെ സത്തുകൾ?