പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

അന്നു ഞാൻ പ്രാർത്ഥിക്കാറുണ്ടോമനേ, നിന്നെച്ചുംബി–
‘ച്ചെന്നുമീപ്പൊൻകുഞ്ഞൊരു കുഞ്ഞായിട്ടിരുന്നെങ്കിൽ’
അത്രമേലാശിച്ചുപോ–യത്ര നിൻ മാധുരൈക–
സത്തിനെ നുകർന്നൊരെൻ–ചേതനാമണിഭൃംഗം.

അപത്യവാത്സല്യം ഒരു മാതൃഹൃദയത്തെ മഥിക്കുന്നതിൻ്റെ ചിത്രമാണു് പ്രസ്തുത കവിതയിൽ ഉടനീളം വിലസുന്നതു്.

ചുമതലയേറിയ ഒരു ഭാര്യയുടേയും, മാതാവിൻ്റേയും, കുടുംബിനിയുടേയും നിലയിൽ കാര്യാന്തരവ്യഗ്രയായി കഴിഞ്ഞുകൂടുന്ന ഈ മഹതി, കവിതാദേവിക്കു തന്നിലുള്ള വാത്സല്യത്തേയും ആനുകൂല്യത്തേയും ആദരിച്ച് ഇനിയും കാവ്യരംഗത്തു വർത്തിച്ചുകൊണ്ടിരിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.* (1084 മീനം 14-ാം തീയതി (1909 ഏപ്രിൽ) കവയിത്രി ഭൂജാതയായി. കൊട്ടാരക്കര താലൂക്കിൽ കോട്ടവട്ടത്തില്ലമാണു പിതൃഗൃഹം. മാതൃഗൃഹം കരുവാറ്റ ചെങ്ങാരപ്പിള്ളി ഇല്ലവും. മീനച്ചിൽ താലൂക്കിൽ രാമപുരത്തു് അമനകര ഇല്ലത്ത് നാരായണൻ നമ്പൂതിരിയാണു് ഈ മഹതിയെ വേളികഴിച്ചിട്ടുള്ളതു്.)

ശ്രീമതിമാരായ കടത്തനാട്ടു മാധവിയമ്മ, മേരിജോൺ തോട്ടം, ബാലാമണിയമ്മ, ലളിതാംബിക അന്തർജനം എന്നീ കവയിത്രിമാർ ഭാഷാസാഹിത്യ ലോകത്തിൽ അവിസ്മരണീയരായിത്തീർന്നിട്ടുണ്ട്. സ്ത്രീകളെ പരാമർശിച്ചുള്ള കവിതകൾ ഭാഷയിൽ വളരെ അധികമുണ്ടെങ്കിലും, സ്ത്രീകൾതന്നെ വളരെ കവിതകൾ രചിച്ചിട്ടുണ്ടെങ്കിലും, ഒരു സ്ത്രീയുടെ നിലയിൽ, സ്ത്രീഹൃദയത്തിൽ പ്രതിഫലിക്കുന്ന ഭാവങ്ങളെയും ഭാവനകളേയും അകൃത്രിമമായി വർണ്ണിക്കാൻ ഇവർക്കേ സാധിച്ചിട്ടുള്ളു. ലോകത്തേയും ലോകജീവിതത്തേയും പറ്റി ഒരു സ്ത്രീഹൃദയത്തിൻ്റെ ഭാവനകൾ എന്തൊക്കെയാണെന്നു മലയാളസാഹിത്യത്തിൽനിന്നറിയുവാൻ ഈ ശ്രീമതിമാരുടെ കാവ്യങ്ങൾതന്നെ വായിക്കേണ്ടിയിരിക്കുന്നു.