കേരളീയ കവയിത്രികൾ
ശാന്തമായ പരിഹാസരസം അന്തർജ്ജനത്തിൻ്റെ കവിതയിൽ പലയിടത്തും കാണാം. മനുഷ്യനെ മാത്രമല്ല, ‘ജഗത്താകെ മയക്കുമാ– മഹാമോഹത്താൽ ഗ്രസിതയായി’ ഗർഭധാരണത്തിനിടവന്ന ഒരു അന്തർജ്ജനത്തിൻ്റെ നരലോകത്തിലെ നിസ്സഹായനിലയെ വർണ്ണിക്കുന്നിടത്തു കവയിത്രി പ്രയോഗിച്ചിട്ടുള്ള പൊടിക്കൈകൾ നോക്കുക:
പരിശുദ്ധകന്യകയായ് മനയ്ക്കകത്തിരുന്നോളിൽ
സ്മരനെന്തിന്നിതുവിധം കടുപ്പം ചെയ്തു!
അവസരം വരുന്നേരമാരെയും വിഭ്രമിപ്പിക്കു-
മവിവേകിക്കാളുംതരമറിഞ്ഞുകൂടാ.
ഇവിടെ മനസിജനെ-അല്ല, ആലോചനാരഹിതമായ ലോകത്തെ – എത്ര മൃദുലവും, എന്നാൽ എത്ര നിശിതവുമായവിധത്തിൽ കളിയാക്കിയിരിക്കുന്നുവെന്നു നോക്കുക. അതോടുകൂടി മാതാപിതാക്കന്മാർക്കു വധൂജനങ്ങളുടെ നേരെയുള്ള കർത്തവ്യത്തേയും കവയിത്രി ഉത്തേജകമായവിധത്തിൽ അനുസ്മരിപ്പിക്കാതിരിക്കുന്നില്ല.
പുഷ്പകാലം വരുന്നേരം പടർന്നേറും വല്ലികളെ
വൃക്ഷമോടണച്ചിടാത്തതാരുടെ കുറ്റം?
ചെയ്തിടേണ്ട കൃത്യം നമ്മൾ ചിലപ്പോൾ മറന്നുപോയാൽ
ചെയ്യരുതാത്തതും ചിലർ ചെയ്തുപോയേക്കും.
