കേരളീയ കവയിത്രികൾ
ലളിതാംബിക അന്തർജ്ജനം: ലളിതാഞ്ജലി, വഞ്ചിരാജേശ്വരി, ഓണക്കാഴ്ച, ഭാവദീപ്തി, നിശ്ശബ്ദസംഗീതം, ആയിരത്തിരി മുതലായ സൽകൃതികൾ കൊണ്ടു കാവ്യദേവതയെ പ്രസാദിപ്പിച്ചുകഴിഞ്ഞിട്ടുള്ള ഒരു മാന്യകവയിത്രിയാണു്. ലളിതാംബിക അന്തർജ്ജനം. ഒരു കഥാകർത്ത്രി എന്ന നിലയിലും ഈ ശ്രീമതിക്കു സാഹിത്യലോകത്തിൽ ഉത്തുംഗമായ ഒരു സ്ഥാനമുണ്ട്. ഈ മഹതിയുടെ അനേകം ചെറുകഥകൾ – ഈ വിഷയത്തിൽ പ്രത്യേകം പ്രസിദ്ധിയുള്ളവയാണ്. അതിലും വിശേഷിച്ച് 1977-ൽ അനേകം അവാർഡുകൾക്ക് അർഹതനേടിയ അവരുടെ ‘അഗ്നിസാക്ഷി’ എന്ന നോവൽ ഈ വിഷയത്തിൽ അതീവ ശ്രദ്ധാർഹവുമാകുന്നു.
കവിതാമണ്ഡലത്തിലും ആ മഹതിയുടെ നില ഉന്നതമായ ഒന്നുതന്നെ. സ്ത്രീകളുടെ – വിശേഷിച്ചു് അന്തർജ്ജനങ്ങളുടെ – അവശതകളെ തുറന്നുകാണിച്ചു തൽപരിഹാരാർത്ഥം ശ്രമിച്ചിട്ടുള്ള കേരളീയ കവയിത്രികളിൽ ലളിതാംബിക അന്തർജ്ജനം സർവ്വപ്രകാരേണയും മുന്നണിയിൽ നിലകൊള്ളുന്നു. അന്തർജ്ജനജീവിതം, ഭ്രഷ്ട് മുതലായ കവിതകൾ ഇതിലേക്ക് ഉപോൽബലകങ്ങളത്രെ. ‘അന്തർജ്ജന ജീവിത’ത്തിൽ, നമ്പൂതിരിമാരുടെ കുടുംബജീവിതത്തെ, പൊതുജനജീവിതത്തിൽനിന്നും മറച്ചുവെയ്ക്കുന്ന തിരശ്ശീല മാറ്റി, മൂന്നു ദയനീയ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയാണു് കവയിത്രി ചെയ്തിട്ടുള്ളതു്. ‘ഭ്രഷ്ടി’ൽ സ്ത്രീജനങ്ങളുടെ ദുസ്സഹമായ അവശതയെ ചിത്രീകരിക്കുന്നതോടുകൂടി പരമ്പരാജന്യമായാലേതും ന്യായമാണെന്നു കരുതുന്ന മനുഷ്യനീതിയെ – നിരാധാരജനങ്ങളിൽ കുതിരകയറുന്ന ലോകത്തിൻ്റെ ദുരാചാരപ്രപീഡനത്തെ – സഹോദരീസ്നേഹത്താൽ പ്രേരിതയായി ഒരു നീതിവാദ വിദഗ്ദ്ധയെപ്പോലെ നിരൂപണം ചെയ്യുകയും, പുരുഷന്മാർ സ്ത്രീകളുടെനേരെ പ്രദർശിപ്പിക്കുന്ന നിന്ദയേയും അനീതിയേയും ഒരു അനുഭവസ്ഥയുടെ നിലയിൽ അവഹേളിക്കുകയും ചെയ്യുന്നു. സ്വസമുദായത്തിലെ ഉല്പതിഷ്ണുക്കളായ യുവജനങ്ങളുടെ അന്തഃകരണ പ്രചോദനത്തിനു് ഈ കവിതകൾ ഓരോന്നും തികച്ചും ശക്തങ്ങളാണു്.
