പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

ദീർഘകാലം ഈ മഹതി ജീവിച്ചിരുന്നെങ്കിലും ഒരു കാവ്യഗ്രന്ഥംപോലും രചിക്കുവാൻ അവർക്കു സാധിച്ചിരുന്നില്ല. കാരണം, ഹൈദരാലി, ടിപ്പു മുതൽപേരുടെ ആക്രമണങ്ങളാൽ അസ്വസ്ഥമായിരുന്നു അക്കാലത്തു സാമൂതിരികോവിലകം എന്നുള്ളതു തന്നെ. എങ്കിലും ഒട്ടേറെ മുക്തകങ്ങൾ പലപ്പോഴായി അവിടന്നു നിർമ്മിച്ചിട്ടുണ്ട്. അവയെല്ലാം സംസ്കൃതത്തിലുമായിരുന്നു. കുട്ടിക്കാലത്തൊരിക്കൽ ഒരു സമസ്യാപൂരണം കൊണ്ടു സരസകവി ചേലപ്പറമ്പനെ പരാജയപ്പെടുത്തുകയുണ്ടായത്രെ. ചേലപ്പറമ്പൻ തൻ്റെ വാർദ്ധക്യകാലത്തു് ഏതാനും ദിവസങ്ങൾ കോവിലകത്തു ചെന്നു താമസിക്കുകയുണ്ടായി. അക്കാലത്ത് ഒരുദിവസം അദ്ദേഹം കണ്ണാടി നോക്കി തൻ്റെ നരച്ച തലമുടിയെ ലക്ഷ്യമാക്കി ഇങ്ങനെ ഉദീരണം ചെയ്തുവത്രെ:

പലിതാനി ശശാങ്കരോചിഷാം
ശകലാനീതി വിതർക്കയാമഹേ

(ഈ നരച്ച തലമുടികൾ ചന്ദ്രകിരണങ്ങളുടെ ശകലങ്ങളാണെന്നു ഞാൻ കരുതുന്നു) ഇതു കേട്ടു നിന്നിരുന്ന നമ്മുടെ ബാലവനിത ഉടൻതന്നെ,

അത ഏവ നിമീലതേതരാം
വനിതാലോചനവാരിജം പുരഃ

(അതുകൊണ്ടുതന്നെയാണ് തിരുമുമ്പിൽ സ്ത്രീകളുടെ കണ്ണുകളാകുന്ന താമരപ്പൂക്കൾ നിശ്ശേഷം കൂമ്പിപ്പോകുന്നത്) എന്നു് ഉത്തരാർദ്ധം പൂരിപ്പിക്കയും ചെയ്തു. മനോരമത്തമ്പുരാട്ടിയുടെ ദ്രുതകവന പാടവത്തിനും രസികതയ്ക്കും ഇതിലധികം മറ്റൊന്നും ആവശ്യമില്ലല്ലോ. സാഹിത്യചക്രവർത്തിയായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഈ തമ്പുരാട്ടിയെപ്പറ്റി എഴുതിയിട്ടുള്ള ഒരു പദ്യം ഉദ്ധരിച്ചുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കട്ടെ:

വിദ്യാവിദഗ്ദ്ധവനിതാജനവല്ലികൾക്കൊ–
രുദ്യാനമീ രുചിരകേരളഭൂവിഭാഗം,
ഹൃദ്യാ മനോരമനരേശ്വരി തൻ്റെ സൂക്തി–
രദ്യാപി കോവിദമനസ്സു കവർന്നിടുന്നു.