പദ്യസാഹിത്യചരിത്രം. ഇരുപത്തൊമ്പതാമദ്ധ്യായം

കേരളീയ കവയിത്രികൾ

ഒരു പൈതലിൻ കൈയിൽ കിട്ടിയ തീപോലതു
പരസൈന്യത്തെ ചുട്ടുകരിച്ചു നിമേഷത്താൽ.

ഈ വിജയഭേരിയോടുകൂടിയാണ് തീർത്ഥാടനത്തിനു പുറപ്പെട്ടിരുന്ന മകൻ അച്ഛനെ സമീപിക്കുന്നതു്. ആ ഘട്ടത്തിൽ ജമദഗ്നി പുത്രനോട്,

പാരിൻ്റെ നന്മയ്ക്കത്രേ, പാഴ്‌വമ്പു കാട്ടാനല്ലീ-
യാരണ്യപിതാക്കൾതന്നാത്മീയധനം കുഞ്ഞേ.

എന്നും, ‘തപോബലം പാഴാക്കിക്കളഞ്ഞു നീ’ എന്നും വൈധവ്യംപൂണ്ടുരച്ചു – ഇനി പരിഹാരമെന്തുള്ളു എന്നു ചിന്തിച്ചുകഴിയുന്ന കാലത്താണ്,

പകവീട്ടാനച്ഛനെക്കൊന്നോനല്ലോ കാർത്തവീര്യൻതൻ മക്കൾ

എന്ന വാർത്ത ജ്യേഷ്ഠന്മാരിൽനിന്നറിയുന്നത്. ഒട്ടും താമസിച്ചില്ല. പരശുരാമൻ പുറപ്പെട്ടു ക്ഷത്രിയവർഗ്ഗത്തെ മുഴുവൻ മഴുവിന്നിരയാക്കി. ആ രക്തപ്രവാഹത്തിൽ നീന്തിക്കളിച്ചാർത്തുവിളിച്ച ഈ ഘട്ടത്തിലും പരശുരാമൻ കേട്ടത്, തപോബലം നീ പാഴാക്കിക്കളഞ്ഞല്ലോ എന്ന സ്വരം മാത്രമാണു്. നിരാലംബനായ രാമനോട് മറ്റു മഹർഷിമാർ ഇങ്ങനെ ആജ്ഞാപിച്ചു:

വെന്ന നാടെല്ലാം ദാനംചെയ്യൂ ഫലസന്ത്യാഗം കൊണ്ടേ
പാപത്തിൻ ചൂടാറുകയുള്ളു

അങ്ങനെ മഴുകൊണ്ടു സമ്പാദിച്ചതെല്ലാം കൈവെടിഞ്ഞു മഹേന്ദ്രഗിരിയിലെത്തിയിരിക്കുന്ന ഭൃഗുരാമനെയാണ് നാം കാവ്യാരംഭത്തിൽ കണ്ടതു്. ഇനി ഈ മഴു തോളിലേറ്റിയിരുന്നിട്ടാവശ്യമില്ല, എന്ന നിനവാൽ

തോളിൽനിന്നെടുത്തുടനകലേക്കകലേക്കു
പാളുമദ്ദിവ്യായുധമെറിഞ്ഞുകളഞ്ഞു ഞാൻ.