പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

സംഗീത സാഹിതികളിൽ കളിയാടി നിത്യ-
മംഗീകരോമി നിരവദ്യസുഖം സദാ മേ (ശ്രീ പത്മനാഭപദപത്മശതകം)

ഇങ്ങനെ പ്രത്യയാന്തങ്ങളായ സംസ്കൃതപദങ്ങൾ ഇടകലർന്നുള്ള മണിപ്രവാളഭാഷ യാണ് തിരുമനസ്സിലേക്ക് അധികം സ്വാധീനവും പ്രിയതരവുമായിരുന്നത്. പ്രാചീനമണിപ്രവാളപ്രസ്ഥാനത്തെ ആദരിച്ചുവന്ന കേരളീയകവികളിൽ ഏറ്റവും ഒടുവിലത്തെ കവിയും വലിയകോയിത്തമ്പുരാൻ തന്നെയായിരുന്നു.

ദ്വിതീയാക്ഷരപ്രാസം: മണിപ്രവാളകവിതയിൽ വലിയകോയിത്തമ്പുരാൻ വരുത്തിയ ഒരു പരിഷ്ക്കാരം ദ്വിതീയാക്ഷരപ്രാസനിർബ്ബന്ധമാണു്.

വാസന്തീമധുവാർന്ന വാക്കിനു സജാതീയദ്വിതീയാക്ഷര-
പ്രാസം ചേർപ്പതു കൈരളീമഹിളതൻ മംഗല്യമാണോർക്കണം

എന്ന അഭിപ്രായമാണ് ഈ വിഷയത്തിൽ തിരുമനസ്സിലേക്കുണ്ടായിരുന്നതു്. സ്വരവ്യഞ്ജനങ്ങൾക്ക് ഐകരൂപ്യമുള്ള ദ്വിതീയാക്ഷരപ്രാസം കോയിത്തമ്പുരാനു വളരെ പ്രിയമായിരുന്നു. അദ്ദേഹം പരിഷ്കരിച്ചു പുഷ്ടിപ്പെടുത്തിയ ഈ പ്രാസത്തെ ‘കേരളവർമ്മപ്രാസം’ എന്നുകൂടി പറഞ്ഞുവരാറുണ്ട്. വലിയ കോയിത്തമ്പുരാനെ അനുകരിച്ചു ഗതാനുഗതികത്വേന പലരും വഴിപിഴച്ച് ഈ പ്രാസപ്രയോഗത്തിൽ ഭ്രമിക്കുകയും, അതോടുകൂടി അക്കാലത്ത് സാഹിത്യലോകത്തിൽ ഒരു പ്രാസയുദ്ധം തന്നെ നടക്കുകയും ചെയ്തു.