പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

സംസ്കൃതപക്ഷപാതം: സംസ്കൃതസാഹിത്യവുമായി നിത്യസമ്പർക്കമുണ്ടായിരുന്ന തിരുമനസ്സിലെ മണിപ്രവാളഭാഷ, ചമ്പുക്കൾ, ആട്ടക്കഥകൾ മുതലായവയുടെ രീതിയിൽനിന്നും അധികം ഭിന്നമല്ലാതെ തീർന്നതിൽ അത്ഭുതപ്പെടുവാനൊന്നുമില്ലല്ലോ. എന്നല്ല, അക്കാലത്തെ കേരളിയാഭിരുചി അതിനനുകൂലമായിരുന്നുതാനും. സംസ്കൃതത്തിലെ അൻപത്തൊന്നക്ഷരം, അതിനെത്തുടർന്നു, ‘അമരം’, ‘രൂപം’, ‘കാവ്യം’ എന്നീ ക്രമത്തിൽ മലയാളം വിദ്യാഭ്യാസം പരിചയിച്ചിരുന്ന ഒരു ജനതതിയാണു കേരളത്തിൽ അന്നുണ്ടായിരുന്നത്. എന്നല്ല, വലിയകോയിത്തമ്പുരാൻ്റെ കരാംഗുലികൾതന്നെ ക്ഷമാപണസഹസ്രം, യമ പ്രണാമശതകം മുതലായ സംസ്കൃതകൃതികൾ എഴുതി തഴമ്പിച്ചതുമായിരുന്നു. ഈവക സംഗതികൾ ആലോചിക്കുമ്പോൾ തമ്പുരാൻ്റെ കൃതികളിൽ കാണുന്ന സംസ്കൃതപക്ഷപാതം കാലോചിതമായിരുന്നു എന്നേ പറയുവാനുള്ളു. അതിനാൽ,

ധാതാവാദൗ ചമച്ചോരുദകമഥ ഹവിർവ്വാഹിയാം വീതിഹോത്രൻ
ഹോതാതാനും ദിനേശൻ നിശയുടെ പതിയും നാദലക്ഷ്യം നഭസ്സും
ഭൂതാനാം സഞ്ചയത്തിൽ പ്രകൃതി പൃഥിവിയും പ്രാണദൻ മാരുതൻതാ-
നേതാഭിർ മൂർത്തിഭിശ്ശോഭിതനവതു ഭവന്മാരെയഷ്ടാഭിരീശൻ. (ശാകുന്തളം)

മരക്രീഡാമഹലഹളയിൽ ജാലമാർ​ഗ്​ഗേണ ലീലാ-
ഗാരക്രോഡേ നിഭൃതഗതിയായെത്തി നിത്യാം നിശായാം
വാരസ്ത്രീണാം വപുഷി വിലസും സ്വേദബിന്ദുക്കളാകും
ഹാരസ്തോമം ഹരതി വിരുതേറുന്ന ചോരൻ സമീരൻ. (മ. സന്ദേശം)