പദ്യസാഹിത്യചരിത്രം. പതിമൂന്നാമദ്ധ്യായം

കേരളവർമ്മയുഗം

കാവ്യവൈശിഷ്ട്യം: മലയാളത്തിലെ സന്ദേശകാവ്യങ്ങളിൽ നിർമ്മാണ കാലക്രമം വെച്ചുനോക്കിയാൽ മയൂരസന്ദേശം ദ്വിതീയമോ തൃതീയമോ ആയ സ്ഥാനമേ അർഹിക്കുന്നുള്ളു എന്നു വരാം. എന്നാൽ, കാവ്യഗുണം കൊണ്ട് അതു അദ്വിതീയമായ സ്ഥാനമർഹിക്കുന്നുണ്ട്. കാല്പനികപ്രസ്ഥാനത്തിൽ അർവ്വാചീന കാലത്തുണ്ടായിട്ടുള്ള കാവ്യഗ്രന്ഥങ്ങളിലും പ്രസ്തുത കൃതി അഗ്രിമസ്ഥാനമർഹിക്കുന്നു എന്നുതന്നെ പറയാം.

വലിയകോയിത്തമ്പുരാൻ തുടങ്ങിയവരുടെ കൃതികളിൽ ‘കവിത’ ഇല്ലെന്നും അവർ വെറും ‘ശ്ലോകി’കൾ മാത്രമാണെന്നും ചിലർ പിൽക്കാലത്ത് അധിക്ഷേപിച്ചിട്ടുള്ള വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ, അവർ,

ഓമൽപ്പിച്ചിച്ചെടിലത മരുല്ലോളിതാ വർഷബിന്ദു-
സ്തോമക്ളിന്നം പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ,
പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോർമ്മിച്ചിടുന്നേൻ.

ഇങ്ങനെയുള്ള ഭാവമധുരങ്ങളായ ശ്ലോകങ്ങളും,

മല്ലീജാതിപ്രഭൃതി കുസുമസ്മേരമായുല്ലസിക്കും
സല്ലീലാഭിഃ കിസലയകരംകൊണ്ടു നിന്നെത്തലോടും
വല്ലീനാം നീ പരിചയരസംപൂണ്ടു കൗതൂഹലത്താ-
ലുല്ലീഢാത്മാ ചിരതരമിരുന്നങ്ങമാന്തിച്ചിടൊല്ലാ.

ഇങ്ങനെ ചമല്ക്കാരസമ്പൂർണ്ണങ്ങളായ ശ്ലോകങ്ങളും മറ്റും ‘വെറും ശ്ലോക’ങ്ങളായിട്ടു മാത്രമേ എണ്ണുന്നുള്ളുവെങ്കിൽ അവരുടെ രസികത്വത്തിനും സഹൃദയത്വത്തിനും ‘നമോവാകം’ പറയുകയേ നിവൃത്തിയുള്ളൂ.