കേരളവർമ്മയുഗം
വലിയകോയിത്തമ്പുരാൻ: മലയാള സാഹിത്യവിഷയകമായി പ്രവർത്തിക്കുവാൻ തുടങ്ങിയകാലത്തു പദ്യത്തിനായിരുന്നു ഭാഷയിൽ മുൻഗണന നല്കിയിരുന്നതു്. അതിനാൽ പദ്യശാഖയിലേക്കാണു അവിടുന്നു് ആദ്യം പ്രവേശിച്ചതും. അന്നു് ഇവിടെ നിലവിലിരുന്ന പല പദ്യപ്രസ്ഥാനങ്ങളിലും തിരുമേനി തൻ്റെ തൂലികയെ യഥായുക്തം ചലിപ്പിക്കാതിരുന്നില്ല. ആട്ടക്കഥ, ചമ്പു, നാടകം, സന്ദേശം, കിളിപ്പാട്ട് തുടങ്ങിയ പല സാഹിത്യശാഖകളിലും അവിടന്നു സഞ്ചരിച്ചുനോക്കി. ഈ സഞ്ചാരത്തിൽ മയൂരസന്ദേശത്തിനും അഭിജ്ഞാന ശാകുന്തളത്തിനുമാണ് സർവ്വപ്രാധാന്യവും പ്രചുരപ്രചാരവും സിദ്ധിച്ചത്.
മയൂരസന്ദേശം: ഹരിപ്പാട്ടുനിന്നും തിരുവനന്തപുരത്തു താമസിക്കുന്ന തൻ്റെ ഇഷ്ടപ്രാണേശ്വരിക്ക്, നായകനായ കേരളവർമ്മ മയൂരംവഴി അയയ്ക്കുന്ന ഒരു സന്ദേശമാണ് ഇതിലെ വിഷയം. 1050 മുതൽ 1055 വരെയുള്ള കാലഘട്ടത്തിലാണു തമ്പുരാൻ ബന്ധനസ്ഥനായി കഴിഞ്ഞതു്. അക്കാലത്തെഴുതിയ ഒരു കാവ്യമാണു് മയൂരസന്ദേശമെന്നു പണ്ഡിതന്മാർപോലും ഇന്നും ധരിച്ചുവെച്ചിട്ടുണ്ട്. അതിനാൽ ആ കാവ്യത്തിൻ്റെ ഉൽപത്തിയെപ്പറ്റി ഈയവസരത്തിൽ അല്പം വിവരിക്കുന്നതു് ഉചിതമായിരിക്കുമെന്നു തോന്നുന്നു.
