കുഞ്ചൻനമ്പിയാർ
നമ്പ്യാർ ചെമ്പകശ്ശേരിയിൽ വസിച്ചിരുന്ന കാലത്താണ് തുള്ളലുകളിൽ അധികമെണ്ണവും എഴുതിയിട്ടുള്ളതു്. നമ്പ്യാരുടെ കൃതികളുടെ സ്ഥലകാലങ്ങൾ നിർണ്ണയിക്കുവാൻ അവയിലെ പ്രസ്താവങ്ങൾ പലതും ഉപകരിക്കാറുണ്ട്. കല്യാണസൗഗന്ധികം, കിരാതം, ത്രിപുരദഹനം, ഘോഷയാത്ര മുതലായവ ചെമ്പകശ്ശേരിയിൽവെച്ചും ധ്രുവചരിതം, കൃഷ്ണലീല, സഭാപ്രവേശം മുതലായവ തിരുവനന്തപുരത്തുവെച്ചും നിർമ്മിച്ചവയാണെന്നു കാണുവാൻ പ്രയാസമില്ല.
വിഭാഗങ്ങൾ: തുള്ളൽക്കൃതികളെ ഓട്ടൻതുള്ളൽ, ശീതങ്കൻ, പറയൻ എന്നു.
മൂന്നതരമായി വിഭജിച്ചിരിക്കുന്നു. നമ്പ്യാരുടേതെന്നു മുമ്പു നിർണ്ണയിച്ചിട്ടുള്ളവയിൽ ഘോഷയാത്ര, കിരാതം തുടങ്ങി 22 എണ്ണം ഓട്ടനിലും, ഹരിണീസ്വയംവരം, കല്യാണസൗഗന്ധികം തുടങ്ങി 10 എണ്ണം ശീതങ്കനിലും, സഭാപ്രവേശം. ത്രിപുരദഹനം തുടങ്ങി 10 എണ്ണം പറയനിലും ഉൾപ്പെടുന്നവയാണ്. ഭാരതം, ഭാഗവതം, രാമായണം, ഈ കൃതികളിൽനിന്നുമാണു നമ്പ്യാർ തുള്ളൽക്കഥകൾക്കു ഇതിവൃത്തം സ്വീകരിച്ചിട്ടുള്ളത്. തുള്ളൽക്കൃതികളിൽ ഭൂരിഭാഗവും ഭാരതകഥയെ അവലംബിച്ചുള്ളതുതന്നെ.
നമ്പ്യാരുടെ കൃതികളെപ്പറ്റി വിശദമായ ഒരു നിരൂപണത്തിനും ഇവിടെ മുതിരുന്നില്ല. ആ കൃത്യം ‘മഹാകവി കുഞ്ചൻനമ്പ്യാർ’ എന്ന കൃതിമുഖേന ഈ എഴുത്തുകാരൻ നിർവ്വഹിച്ചിട്ടുണ്ട്. വായനക്കാരുടെ ശ്രദ്ധയെ സാദരം അതിലേക്കുക്ഷണിക്കുക മാത്രമേ ഈയവസരത്തിൽ ചെയ്യുന്നുള്ളൂ. വളരെ സംക്ഷിപ്തമായി തുള്ളൽക്കൃതികളെപ്പറ്റി മാത്രം പൊതുവായി ചിലതു പ്രസ്താവിച്ചുകൊണ്ട് ഈ ഭാഗം അവസാനിപ്പിക്കുകയാണു്.
