പദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

കുഞ്ചൻനമ്പിയാർ

തുള്ളൽ എന്ന വിനോദപ്രസ്ഥാനം നമ്പ്യാർക്കു മുമ്പുതന്നെ കേരളത്തിലുണ്ടായിരുന്നുവെന്നു കാണാം. ചില ശാസ്താക്ഷേത്രങ്ങളിലും ദുർ​ഗ്​ഗാക്ഷേത്രങ്ങളിലും പടയണി ഉത്സവങ്ങൾക്ക് ചില തുള്ളലുകൾ നടത്തുക പതിവായിരുന്നു. അമ്പലപ്പുഴയുള്ള തകഴി ശാസ്താക്ഷേത്രത്തിലും ഈ പടയണിയുത്സവവും തുള്ളലും നമ്പ്യാർക്കു മുമ്പേ ഉള്ളതാണു്. ”ഓട്ടൻതുള്ളലു തുള്ളിവരുമ്പോൾ വീട്ടിൽ കഞ്ഞി കുടിപ്പാനില്ല.” എന്നും മറ്റുമുള്ള പ്രയോഗങ്ങൾ നമ്പ്യാർക്കുമുമ്പേ ഇങ്ങനെ ഒന്നുണ്ടെന്നുള്ളതിനു തെളിവുകളത്രേ. പക്ഷേ, പ്രാകൃതവും മിക്കവാറും ആഭാസംതന്നെയുമായിരുന്നു അന്നത്തെ രീതി, പുരാണപ്രതിപാദനത്തിലേക്കു തിരിച്ചു പരിഷ്ക്കരിക്കുകയും, ഫലിതവും പരിഹാസവും നിറഞ്ഞ സാമൂഹ്യവിമർശനത്തിൽക്കൂടി പരിപുഷ്ടമാക്കുകയും ചെയ്തപ്പോൾ അതു് അഭിനവമായ ഒരു സാഹിത്യപ്രസ്ഥാനമായിത്തീർന്നു. അതാണു നമ്പ്യാർ ഇവിടെ ചെയ്തതു്. അതുകൊണ്ടുതന്നെയാണു് അദ്ദേഹത്തെ തുള്ളൽ എന്ന സാഹിത്യപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായി നാം ബഹുമാനിച്ചു പോരുന്നതു്. കേരളീയസാഹിത്യലോകത്തിലും, കേരളീയസാമൂഹ്യജീവിതത്തിലും ഇത്രയും വമ്പിച്ച ഒരു വിപ്ലവം നമ്പ്യാർക്കു മുമ്പ് ഒരു കവിക്കും സൃഷ്ടിക്കുവാൻ സാധിച്ചിട്ടില്ലെന്നുള്ളതും ഈയവസരത്തിൽ പ്രസ്താവയോഗ്യമാണു്.

തുള്ളൽകൃതികൾ : കുഞ്ചൻനമ്പ്യാരുടെ തുള്ളൽക്കഥകളുടെ എണ്ണം പലരും പലവിധത്തിലാണു് പറഞ്ഞുവരുന്നത്. 57 എണ്ണം എസ്. ടി. റെഡ്യാർ രേഖരിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. മംഗളോദയക്കാരും ചില കഥകൾകൂടി ചേർത്ത് അവ പിന്നീട പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കഥകളിൽ ചിലതെല്ലാം നമ്പ്യാരുടേതല്ലെന്നുള്ളതു നിസ്തർക്കമാണ്. അവയിൽ 42 എണ്ണം നമ്പ്യാരുടെ വാങ്മയങ്ങളായിരിക്കണമെന്നു മഹാകവി ഉളളൂർ അഭിപ്രായപ്പെടുന്നു. * (കേരളസാഹിത്യചരിത്രം, ഭാഗം 3, പേജ് 411)