പദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

കുഞ്ചൻനമ്പിയാർ

തൻ്റെ വിമർശനങ്ങൾ കൂടുതൽ ജനകീയമാക്കിത്തീർക്കുവാൻ നമ്പ്യാർ ‘കവിവാണിപ്രയോഗ’ത്തിലും ചില വ്യതിയാനങ്ങൾ വരുത്താതിരുന്നില്ല. വിജ്ഞന്മാരുടെ അഭിനന്ദനത്തേക്കാൾ സാമാന്യജനങ്ങളുടെ സംതൃപ്തിയാണ് അദ്ദേഹം അഭികാമ്യമായി കരുതിയതു്. “തേടിപ്പോയ വള്ളി കാലിൽച്ചുററി’ എന്നു പറയേണ്ടിടത്ത്, ”മിളിതം പദയുഗളേ നിഗളതയാ മാർഗ്ഗിതയാ ലതയാ” എന്നും മറ്റുമായിരുന്നു, അക്കാലത്തു ചിലർ പ്രയോഗിച്ചുവന്നതു്.

കടുപടെപ്പടുകഠിനസംസ്കൃതവികടകടുകവി കേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല തിരിക്കുമൊക്കെയുമേററുടൻ.

എന്നു നമ്പ്യാർക്കു നല്ലപോലെ അറിയാമായിരുന്നതുകൊണ്ട് ജനകീയതയ്ക്കു ചേർന്ന ഭാഷയേ അദ്ദേഹം പ്രായേണ പ്രയോഗിച്ചിരുന്നുള്ളൂ. ആശയങ്ങളും അതുപോലെതന്നെ

എന്തെടോ കൂവേ! പഴങ്കഞ്ഞിയെക്കാട്ടി-
ലെന്തു വിശേഷമമൃതിന്നു ചൊല്ലെടോ?

എന്നും മറ്റും പറയുമ്പോൾ ഇന്നത്തെ പുരോഗമനക്കാർ പോലും സലാം പറയുകയില്ലേ? ഇത്തരത്തിലുള്ള ഒരു ജനകീയപ്രസ്ഥാനമാണു തൂള്ളൽവഴി നമ്പ്യാർ കെട്ടിപ്പടുത്തത്.