കുഞ്ചൻനമ്പിയാർ
അന്നത്തെ ബ്രാഹ്മണസമുദായത്തിൻ്റെ അത്യാർത്തിയും, ദാനവും, പ്രതിഗ്രഹവും വാങ്ങാൻ തെണ്ടിനടക്കുന്ന സമ്പ്രദായവും മറ്റുമാണു് ഈ വിമർശനങ്ങളിൽ നമ്പ്യാർ വെളിപ്പെടുത്തുന്നതു്. ഇതുപോലെ തന്നെ നമ്പ്യാർക്കു സുപരിചിതമായിത്തീർന്നിരുന്ന മറ്റു സമുദായങ്ങളുടെ അധാർമ്മിക കർമ്മങ്ങളിലും അദ്ദേഹം കലശൽ കൂട്ടിയിരുന്നു. ദുഷ്പ്രഭുക്കന്മാരുടെ അല്പത്വവും അഹങ്കാരവും ധൂർത്തജീവിതവും നമ്പ്യാരുടെ ശരവ്യങ്ങൾക്ക് എപ്പോഴും ലക്ഷ്യമായിത്തീർന്നുകൊണ്ടിരുന്നു. അതുപോലെ തന്നെ രാഷ്ട്രീയാന്തരീക്ഷത്തിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരുടേയും, കല്പനയെ കവിഞ്ഞു നടക്കുന്ന കാര്യക്കാരന്മാരുടേയും, അഴിമതികളും അനീതികളും നമ്പ്യാർ നിർഭയം വിമർശിച്ചുവന്നു. പക്ഷേ, ഈ വിമർശനങ്ങൾ നമ്പ്യാർ തനിക്കു സഹജമായ ഫലിതത്തിലും പരിഹാസത്തിലും കുഴച്ചു പ്രായോഗിച്ചിരുന്നതിനാൽ അവ ഏൽക്കുന്ന എതിരാളിപോലും പ്രഥമശ്രവണത്തിൽ ചിരിച്ചുരസിക്കുക പതിവായിരുന്നു. നമ്പ്യാർക്കു മനപ്പൂർവ്വം ആരേയും ആക്ഷേപിക്കണമെന്നു മോഹവും ഉണ്ടായിരുന്നില്ല.
ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല
ഒരുത്തനും പ്രിയമായിപ്പറവാനും ഭാവമില്ല.
എന്നതായിരുന്നു വിമർശനത്തിൽ നമ്പ്യാരുടെ ആദർശം. ഏതാദൃശമായ ഒരു രീതിയാണു് കവി തുള്ളൽക്കഥകളിൽ പൊതുവെ കൈക്കൊണ്ടിട്ടുള്ളത്. സാമാന്യജനതയെ ആകർഷിക്കുവാൻ ഈ രീതി വളരെ പ്രയോജനപ്പെടുമെന്നു പറയേണ്ടതില്ലല്ലൊ.
