കുഞ്ചൻനമ്പിയാർ
പക്ഷേ, നമ്പ്യാർ മറ്റൊന്നു ചെയ്തു. പുരാണകഥാവ്യാജേന കേരളീയാന്തരീക്ഷം സ്വകവിതയിൽ പ്രതിഫലിപ്പിക്കുവാനാണു് അദ്ദേഹം മുതിർന്നത്. ദേവലോകവും, ഹസ്തിനപുരിയും, ലങ്കയും, അയോദ്ധ്യയും, പാതാളവുമെല്ലാം നമ്പ്യാർക്കു് സുപരിചിതങ്ങളായിത്തീർന്ന അമ്പലപ്പുഴയും, തിരുവനന്തപുരവും മറ്റുമായി തുള്ളലുകളിൽ മാറി. ദേവേന്ദ്രൻ, ദുര്യോധനൻ, രാവണൻ തുടങ്ങിയ പുരാണപുരുഷന്മാർ കേരളത്തിലെ ചില രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റുമായി രൂപാന്തരപ്പെട്ടു. ഉർവ്വശി, മേനക, രംഭ തുടങ്ങിയ സ്വർവ്വധൂരത്നങ്ങൾ നമ്പ്യാർക്കു പരിചയമുള്ള കുട്ടനാട്ടിലെ ചീരുവും ചിരുതയും കാളിയും നീലിയും മറ്റുമായി മാറിമറിഞ്ഞു. അവരുടെ സംഭാഷണവിഷയങ്ങളും കേരളത്തിലെ ഗൃഹ്യങ്ങളും സാമൂഹ്യങ്ങളുമായ കാര്യങ്ങൾതന്നെ. ഘോഷയാത്ര, യുദ്ധം, വിവാഹം, സദ്യ, നായാട്ട്, കാര്യാലോചന തുടങ്ങിയവയെല്ലാം അന്നത്തെ കേരളീയ ജനത കണ്ടറിഞ്ഞിട്ടുള്ളതും കേട്ടറിഞ്ഞിട്ടുള്ളതും മാത്രമായിത്തീർന്നു. ദുര്യോധനൻ്റെ സേനകളെല്ലാം കേരളത്തിലെ നായന്മാർ തന്നെ. നായരും, നമ്പൂരിയും, പട്ടന്മാരും, ചെട്ടികളും, കോമട്ടികളുമൊക്കെ ഭൂസ്വർഗ്ഗപാതാളങ്ങളിലെവിടെയുമുണ്ട്. ഇങ്ങനെ പുരാണകഥയിൽ വരുത്തിയ കേരളീയത്വവും അതിനെ മുൻനിർത്തിയുള്ള സാമൂഹ്യവിമർശനവും അന്നത്തെ കേരളീയജനതയെ ആകമാനം ആകർഷിക്കുവാൻ പര്യാപ്തമായിത്തീർന്നു എന്നു പറഞ്ഞാൻ മതിയല്ലൊ. സത്യാസ്വയംവരത്തിനു് എത്രയോ ആളുകൾ പോകുന്നു. അവരിൽ ചിലരെ പ്രത്യേകം പിടികൂടുന്നതു നോക്കുക:
മുതുവിപ്രന്മാർ പണമെന്നോർത്താൽ
പുതുവിപ്രൻതാനെന്നൊരു ഭാവം
കാശിക്കപ്പുറമെങ്കിലുമിന്നൊരു
കാശിനുവകയുണ്ടെന്നാൽ മണ്ടും,
എഴുപത്തെട്ടുവയസ്സു തികഞ്ഞൊരു
കിഴവബ്രാഹ്മണനിത പോകുന്നു
കൊടുവെയിൽതട്ടിച്ചുട്ട കഷണ്ടിയി-
ലൊരുപിടി നെല്ലാൽ മലരുപൊരിക്കാം.
