കുഞ്ചൻനമ്പിയാർ
ഉൽപത്തി: ചാക്യാരും നമ്പ്യാരുമായുണ്ടായ വഴക്കിൻ്റെ ഫലമായി ഒരു രാത്രികൊണ്ടുണ്ടായ ഒരു കലാപ്രസ്ഥാനമാണു് തുള്ളൽ എന്ന ഐതിഹ്യം, ഒരുഭാഗത്ത് അങ്ങനെ നിന്നുകൊള്ളട്ടെ. നമ്പ്യാർ ഭാഷാസാഹിത്യത്തിൽ അന്നുണ്ടായിരുന്ന പല പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചുവെന്നും, എന്നാൽ തുള്ളൽപ്രസ്ഥാനത്തിലാണു് അദ്ദേഹം വിജയം കൈവരിച്ചതെന്നും മുകളിൽ സൂചിപ്പിച്ചുവല്ലൊ.
പ്രസ്തുത വിജയത്തിൻ്റെ അടിസ്ഥാനമെന്തെന്നും വിജയിച്ചതെങ്ങനെയെന്നുമാണു നാമിവിടെ ആലോചിക്കേണ്ടതു്. കിളിപ്പാട്ട്, മണിപ്രവാളം തുടങ്ങിയ കൃതികളിൽ ഭക്തിയും കവിതയും ധാരാളമുണ്ടായിരുന്നു. അല്പമൊക്കെ വിജ്ഞാനം സിദ്ധിച്ച ജനത ആവക കൃതികൾ പാരായണയോഗ്യങ്ങളായി സ്വീകരിക്കയും ചെയ്തുവന്നു. എന്നാൽ അവയുടെ നില തികച്ചും ജനകീയമായിരുന്നില്ല. സാമാന്യജനങ്ങൾക്കു വായിച്ചുരസിക്കുവാൻ പര്യാപ്തമായ ഒരു രീതിയിലായിരുന്നില്ല അവയുടെ നിബന്ധനം. സാമാന്യജനങ്ങളുടെ ആശയാഭിലാഷങ്ങൾ അവയിൽ അധികമൊന്നും ഉൾക്കൊള്ളിച്ചിരുന്നുമില്ല. ഈ നിലയ്ക്കൊരു മാററം വരുത്തിയാലേ അജ്ഞവിജ്ഞഭേദം കൂടാതെ എല്ലാ ജനവിഭാഗങ്ങളും കവിതയിലേക്ക് ആകർഷിക്കപ്പെടുകയുള്ളൂ എന്നു നമ്പ്യാർ മനസ്സിലാക്കിയിരുന്നു. ചാക്യാർകൂത്തിലെ കഥാപ്രസംഗം വിമർശനപരമായിത്തീരുമ്പോൾ സദസ്യർ ആകമാനം രസിക്കുന്നതും ആ രസത്തിൻ്റെ ഉത്ഭവരഹസ്യവും പ്രതിഭാശാലിയായ നമ്പ്യാർ യഥാകാലം മനസ്സിലാക്കുകയും ചെയ്തിരുന്നു. അതിനാൽ അത്തരത്തിലുള്ള വിമർശനത്തിനും അവസരം നല്കുന്ന – സമൂഹ്യവിമർശനത്തിനു് സന്ദർഭം ലഭിക്കാവുന്ന – ഒരു കവിതാപഥം വെട്ടിത്തുറക്കുവാൻ അദ്ദേഹം ഏറെക്കാലമായി ആലോചിച്ചു. തുടങ്ങിയിരിക്കണം. അങ്ങനെയുള്ള ഒരു ഘട്ടത്തിലായിരിക്കാം, അഭിമാനിയും പ്രതിഭാശാലിയുമായ നമ്പ്യാരെ ചാക്യാർ അധിക്ഷേപിച്ചയച്ചതും. തൻ്റെ ചിന്താഗതിയെ വേഗത്തിൽ ഫലിപ്പിക്കുവാൻ ചാക്യാരുടെ അധിക്ഷേപം കൂടുതൽ പ്രേരകമായിത്തീരാവുന്നതുതന്നെയാണ്. എന്നാൽ അന്നത്തെ ജനങ്ങളുടെ പ്രീതിക്കും വിശ്വാസത്തിനും അനുകൂലമായ വിഷയങ്ങൾ വിട്ടു പുതിയ ഇതിവൃത്തങ്ങൾ കൈക്കൊണ്ടാൽ അവരെ എളുപ്പത്തിൽ ആകർഷിക്കുവാൻ പറ്റുകയില്ലെന്നും നമ്പ്യാർ മനസ്സിലാക്കിയിരിക്കണം. മാത്രവുമല്ല, തൻ്റെ ആശ്രയീഭൂതന്മാരായ
പ്രഭുക്കന്മാരെയും രാജാക്കന്മാരെയും ഉദ്യോഗസ്ഥമണ്ഡലത്തെയും നഗ്നമായി വിമർശിക്കുവാൻ തുടങ്ങിയാൽ സംഭവിക്കാവുന്ന വിപത്തിനെപ്പറ്റിയുള്ള ബോധവും ആ ദീർഘദർശിക്കുണ്ടായിരിക്കണം. ഈവക ദുർഘടങ്ങൾ അധികമൊന്നും ബാധിക്കാതിരിക്കാൻവേണ്ടിയാണു്, അന്നത്തെ മറ്റു കവികൾ ചെയ്തുവന്നതുപോലെ
പുരാണകഥകളെത്തന്നെ തൻ്റെ പുതിയ പ്രസ്ഥാനത്തിൽ ഇതിവൃത്തമായി സ്വീകരിക്കുവാനും അദ്ദേഹം തീർച്ചയാക്കിയതു്.
