കുഞ്ചൻനമ്പിയാർ
നാലഞ്ചക്ഷരവും പഠിച്ചു ഗുരുവിൻ പാദം തലോടീ ചിരം
പാലഞ്ചും മൊഴിതന്ന പാംഗവലയിൽച്ചാടീട്ടുഴന്നേനഹം
കോലം കെട്ടുക കോലകങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി-
ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ!
ഇതായിരുന്നു യാത്രാനുവാദത്തിനായി മഹാരാജാവിനു സമർപ്പിച്ച ശ്ലോകം. തിരു വനന്തപുരത്തുനിന്നു തിരിച്ചു നമ്പ്യാർ തനിക്കു ചിരപരിചിതമായിത്തീർന്നിരുന്ന അമ്പലപ്പുഴയാണു് പിന്നീട് ആയുശ്ശേഷം കഴിച്ചുകൂട്ടിയത്. ഒരു പേ നായുടെ വിഷമേറ്റാണത്രെ ഈ ഹാസചക്രവർത്തി ചരമമടഞ്ഞത്. 945 ലാണു് ഈ സംഭവമുണ്ടായതെന്നും വിശ്വസിച്ചുപോരുന്നു.
തുള്ളൽസാഹിത്യം: തുള്ളൽ എന്ന സാഹിത്യപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ നമ്പ്യാർ ആ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനുമുമ്പു് ഭാഷാകവിതയുടെ പല ശാഖകളിലും തൻ്റെ കരാംഗുലികളെ വ്യാപരിപ്പിക്കാതിരുന്നില്ല. ഭഗവത്ദ്ദൂത്, പതിന്നാലുവൃത്തം തുടങ്ങിയ സ്തോത്രങ്ങൾ; രുക്മിണീസ്വയംവരം. ശീലാവതി തുടങ്ങിയ കൈകൊട്ടിക്കളിപ്പാട്ടുകൾ; പഞ്ചതന്ത്രം, ശിവപുരാണം തുടങ്ങിയ കിളിപ്പാട്ടുകൾ; ശ്രീകൃഷ്ണചരിതം മുതലായ മണിപ്രവാളകൃതികൾ എന്നിവയെല്ലാം മിക്കവാറും അങ്ങനെ ഉത്ഭവിച്ചവയാണു്. എന്നാൽ നമ്പ്യാരുടെ നാമധേയം ഇപ്പറഞ്ഞവയിൽ ഒന്നിനോടും അനുബന്ധിച്ചല്ല നാം അനുസ്മരിക്കുന്നത്; നേരേമറിച്ചു തുള്ളൽ എന്ന സാഹിത്യപ്രസ്ഥാനത്തിൻ്റെ ജനയിതാവ്, അതിൽ ഉത്തമങ്ങളായ കൃതികൾ ചമച്ച ഒരു മഹാകവിയും എന്ന നിലയിലാണു് അദ്ദേഹത്തെ നാമറിയുകയും ആദരിക്കയും ചെയ്തുകൊണ്ടിരിക്കുന്നതു്. അതിനാൽ തുള്ളൽപ്രസ്ഥാനത്തേയും തുള്ളൽ കൃതികളേയും കുറിച്ച് ഈയവസരത്തിൽ അല്പം ചിന്തിക്കുന്നത് യുക്തമായിരിക്കുമല്ലൊ.
