പദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

കുഞ്ചൻനമ്പിയാർ

ഉത്തരദിക്കുകളിലെ സഞ്ചാരത്തിനുശേഷം നമ്പിയാർ കിടങ്ങൂർ താമസമാക്കി. കവിയുടെ അച്ഛനായ നമ്പിയാർക്ക് കിടങ്ങൂർക്ഷേത്രത്തിൽ ജോലിയുണ്ടായിരുന്നു. ആ വഴിക്കാണു് അവിടെയെത്തി താമസിക്കാൻ ഇടയായത്. അക്കാലത്തു കിടങ്ങൂൾ മുതലായ സ്ഥലങ്ങളിൽനിന്നു ചാക്യാന്മാർ അമ്പലപ്പുഴ ക്ഷേത്രത്തിൽ കൂത്തിനു പോവുക സാധാരണമായിരുന്നു. ഈ ചാക്യാന്മാരുമായുള്ള പരിചയം വഴിക്കോ മറേറാതുവിധത്തിലോ നമ്പിയാർ അമ്പലപ്പുഴെ ചെന്നുചേർന്നു. കിടങ്ങൂർ താമസിച്ചിരുന്ന കാലത്തു തന്നെ കുമാരനല്ലൂർ, കുടമാളൂർ മുതലായ സ്ഥലങ്ങളിൽ നമ്പിയാർ സഞ്ചരിച്ചിരുന്നതായി ലക്ഷ്യങ്ങളുണ്ട്. ക്ഷേത്രോപജീവിയും ഒരു കവിയുമായിരുന്ന നമ്പിയാർക്കു് അന്നത്തെ ചെമ്പകശ്ശേരിരാജാവിനെ പരിചയപ്പെടുവാനും അധികം പ്രയാസമുണ്ടായിരുന്നില്ല. അമ്പലപ്പുഴയിലെ താമസം നമ്പിയാരുടെ കവിപ്രശസ്തിയുടെ അരുണോദയമായിരുന്നു എന്നുള്ളതിനു സംശയമില്ല. കൊല്ലം 905-ാമാണ്ടോടടുത്തായിരിക്കണം അമ്പലപ്പുഴ ജീവിതം ആരംഭിച്ചതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു.

അമ്പലപ്പുഴയിലെ താമസക്കാലത്താണു് ഉണ്ണിരവിക്കുറുപ്പു്, ദ്രോണംപിള്ളി ആചാര്യർ എന്നിവരിൽനിന്നും ഉപരിവിദ്യാഭ്യാസം നേടുവാൻ നമ്പിയാർക്കു കഴിഞ്ഞതു്. തുള്ളൽ എന്ന അഭിനവപ്രസ്ഥാനം ആരംഭിച്ചതും അമ്പലപ്പുഴവച്ചു തന്നെ. 929-നോടടുത്ത് അമ്പലപ്പുഴരാജ്യം മാർത്താണ്ഡവർമ്മ ആക്രമിച്ചു തിരുവിതാംകൂറിനോടു ചേർത്തതോടെ, കവിയുടെ ജീവിതം പിന്നീടു തിരുവനന്തപുരത്തായിത്തീർന്നു. അക്കാലത്തു തിരുവനന്തപുരത്തു താമസമുറപ്പിച്ചിരുന്ന ഉണ്ണായിവാര്യർ മുതലായവരുമായി നമ്പ്യാർക്കു പരിചയപ്പെടുവാൻ സാധിച്ചതും ഇങ്ങനെയാണു്. നമ്പ്യാർ, തിരുവനന്തപുരത്തു മാർത്താണ്ഡവർമ്മയുടേയും, അദ്ദേഹത്തിൻ്റെ പിൻഗാമിയായ കാർത്തികതിരുനാളിൻ്റേയും ആശ്രിതനായി 910-ാമാണ്ടുവരെ ജീവിച്ചുവന്നു. ഒടുവിൽ വാർദ്ധക്യത്താലും, ക്രമേണ അവിടത്തെ ജീവിതം തനിക്കു ഹിതകരമായിത്തീരായ്കയാലും നമ്പ്യാർ അവിടെനിന്നും മടങ്ങി.