പദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

കുഞ്ചൻനമ്പിയാർ

മറ്റു തുള്ളൽക്കൃതികൾ: കുഞ്ചൻനമ്പ്യാർക്കു ശേഷം ആ പ്രസ്ഥാനത്തിൽ കൃതികൾ നിർമ്മിച്ചവരുടെ എണ്ണം താരതമ്യേന കുറവായിരിക്കുന്നു. കൃതികൾ നിർമ്മിച്ചവരിൽത്തന്നെ വിജയം സിദ്ധിച്ചവരുടെ എണ്ണം അതിലും കുറവായിരിക്കുന്നു. നമ്പ്യാരെപ്പോലെ പ്രതിഭാവിലാസചതുരന്മാരും മനോധർമ്മകുശലന്മാരും ശബ്ദകുബേരന്മാരുമായ കവികൾക്കേ തുള്ളൽക്കഥാനിർമ്മാണത്തിൽ വിജയം നേടാൻ സാധിക്കയുള്ളു. അത്തരം സിദ്ധികൾ ഉള്ളവർ ഇല്ലാതെവന്നതാണു ഈ പ്രസ്ഥാനത്തിൽ കൃതികൾ വളരെ കുറഞ്ഞുപോകുവാൻ കാരണമെന്നു പറയേണ്ടതില്ലല്ലൊ. കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ്റെ സന്താനഗോപാലം, ശീതങ്കൻ, പുന്തോട്ടത്ത് അച്ഛൻനമ്പൂരിയുടെ അംബരീഷചരിതം ഓട്ടൻതുള്ളൽ, പുന്തോട്ടത്തു മഹൻനമ്പൂരിയുടെ രാജസൂയം, പുന്തോടുത്തു ദാമോദരൻനമ്പൂതിരിയുടെ കാലകേയവധം ശീതം​ഗൻ തുള്ളൽ, വെണ്മണി മഹൻനമ്പൂരിപ്പാടിൻ്റെ ജൂബിലിമഹോത്സവം, പാഞ്ചാലീസ്വയംവരം തുടങ്ങിയ ഏതാനും കൃതികളേ ഇവിടെ എടുത്തുപറയത്തക്കവയായിട്ടുള്ളു.