പദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

കുഞ്ചൻനമ്പിയാർ

”ഗുരുക്കന്മാരുടെ പാദം സ്മരിക്കുന്ന ജനങ്ങൾക്കു
തരക്കേടു വരായെന്നു പരക്കെ സമ്മതമല്ലോ.”

”നല്ല ഗുരുകടാക്ഷമല്ലാതെ ശരണമില്ല മനുഷ്യർക്കു്.”

”ഗുരുത്വമുണ്ടെന്നുവന്നാൽ ഫലിക്കും വാക്കുകളെല്ലാം.”

എന്നിങ്ങനെ ഗുരുഭക്തിയുടെ മാഹാത്മ്യത്തെ വിലോഭനീയമായ വിധം അദ്ദേഹം പ്രകീർത്തിക്കുന്നുണ്ട്.

തുള്ളൽപ്രസ്ഥാനത്തിനു മുമ്പുണ്ടായിരുന്നത്ര പ്രചാരം ഇന്നില്ലെന്നുള്ളതു വാസ്തവം തന്നെ. അതിനുള്ള പ്രധാനകാരണങ്ങളിൽ ഒന്നു് നമ്പ്യാരുടെ കാലശേഷം അദ്ദേഹത്തിൻ്റെ കൃതികളോടൊപ്പമെത്തുന്ന തുള്ളൽക്കഥ നിർമ്മിക്കുവാൻ ശക്തനായ ഒരു കവി കേരളക്കരയിൽ ഉണ്ടായിട്ടില്ലെന്നുള്ളതാണു്. നിരങ്കുശനായ കവി തൻ്റെ കൃതികളിൽ വേണ്ടതിലധികം ദേശീയത്വം കലർത്തിയിട്ടുള്ളതുമൂലം, ദേശകാലസ്ഥിതികൾ പരിവർത്തനം ചെയ്യപ്പെട്ടതോടുകൂടി, ആ കൃതികളോടു ഒരു അനാസ്ഥ ജനിച്ചുതുടങ്ങിയതും മറെറാരു കാരണമായിരിക്കാം. ഇങ്ങനെ തുള്ളലിൻ്റെ ആശയപരമായ അംശത്തിനും പ്രാധാന്യം കുറഞ്ഞുവരുന്നുണ്ടെങ്കിലും അതിൻ്റെ സാഹിത്യപരമായ ഭാഗം അന്നത്തെപ്പോലെതന്നെ ഇന്നും മിന്നിത്തിളങ്ങിക്കൊണ്ടത്രെ ഇരിക്കുന്നത്. ഇങ്ങനെ സൂക്ഷ്മവീക്ഷണം ചെയ്യുന്നതായാൽ തുള്ളൽക്കൃതികൾക്കും അവയുടെ പ്രണേതാവായ കുഞ്ചൻനമ്പ്യാർക്കും മലയാളസാഹിത്യത്തിൽ അഭികാമ്യമായ ഒരു സ്ഥാനമുണ്ടെന്നു കാണാം. ഭാഷാകാവ്യസൗധത്തിൻ്റെ നാലു തൂണുകളാണു് തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും ഉണ്ണായിയും. ഇവർ ഓരോവിധത്തിൽ സുപ്രസിദ്ധന്മാരും അനശ്വരനാമാക്കളുമായിത്തീർന്നിട്ടുണ്ട്. എന്നാൽ ഇവരിൽ സാമാന്യജനങ്ങളെ രസിപ്പിക്കുന്ന കൃതികൾ രചിച്ചിട്ടുള്ള ആൾ നമ്പ്യാരാണ്. ആ വിഷയത്തിൽ പ്രത്യേകിച്ചും നമ്പ്യാരുടെ നാമം അനശ്വരമായിരിക്കും. സ്വപ്രയത്നം കൊണ്ടുയർന്നു ലോകത്തിൻ്റെ സമാദരവിനു് ഇത്രത്തോളം അർഹന്മാരായിത്തീർന്നിട്ടുള്ളവർ അംഗുലീപരിമിതമത്രെ. ഇങ്ങനെ ഏതു നിലയിൽനിന്നു നോക്കിയാലും മലയാളകവികളിൽ അഗ്രപൂജയെ അർഹിക്കുന്ന കുഞ്ചൻനമ്പ്യാർ, അദ്ദേഹത്തിൻ്റെ തുള്ളൽകൃതികൾ ഭാഷാകാവ്യപരമ്പരയിൽ ഉന്നതവും ആദരണീയവുമായ ഒരു സ്ഥാനത്തു നിലകൊള്ളുകയും ചെയ്യുന്നു.