കുഞ്ചൻനമ്പിയാർ
കാവ്യം സന്മാർഗ്ഗോപദേശമായിരിക്കണമെന്നുള്ള സിദ്ധാന്തത്തെ നമ്പ്യാരെപ്പോലെ അത്ര കണിശമായി അനുവർത്തിച്ചിട്ടുള്ള കവികൾ ദുർല്ലഭമേയുള്ളൂ. തൻ്റെ കാലത്തു കേരളീയസമുദായങ്ങളിൽ ഉണ്ടായിരുന്ന ദൂഷ്യങ്ങളേയും മനുഷ്യസാധാരണമായ ചാപല്യങ്ങളേയും സ്വകൃതികളിൽ സന്ദർഭാനുസരണം നിശിതവിമർശനങ്ങൾ നടത്തി, അനുവാചകർക്കു സന്മാർഗ്ഗോപദേശം ചെയ്യുന്നതിൽ നമ്പ്യാർ ബദ്ധകങ്കണനായിരുന്നു. കേവലം ലൗകായതികത്വംകൊണ്ടോ, ദോഷൈകദൃഷ്ടിനിമിത്തമോ അല്ല, അദ്ദേഹം അങ്ങനെ ചെയ്തിരുന്നതു്. ദോഷാംശങ്ങളെ വിശദമാക്കി, ന്യൂനതകളെ ചൂണ്ടിക്കാണിച്ച്, ജനസഞ്ചയത്തെ സദാചാരതല്പരരാക്കണമെന്നും ഈശ്വരവിശ്വാസികളാക്കണമെന്നും മാത്രമേ നമ്പ്യാർക്കു് ഉദ്ദേശമുണ്ടായിരുന്നുള്ളു. സാമാന്യന്മാരിൽ കാണുന്നതിലധികമായ ഈശ്വരവിശ്വാസവും ഭക്തിയും നമ്പ്യാർക്കുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മിക്ക കൃതികളുടേയും ആരംഭം തന്നെ ആ വിശ്വാസത്തേയും ഭക്തിയേയും പ്രത്യക്ഷീകരിച്ചുകൊണ്ടാകുന്നു. നമ്പ്യാരുടെ ബ്രാഹ്മണഭക്തി അനിതരസാധാരണമത്രേ.
”വിപ്രനോടപ്രിയം ചെയ്യുന്ന മാനുഷൻ
ക്ഷിപ്രം നശിക്കുമെന്നോർത്തുകൊള്ളണമേ.”
”ബ്രാഹ്മണാരാധനംകൊണ്ടേ ശുഭം വരൂ.”
എന്നിങ്ങനെ ബ്രാഹ്മണഭക്തിയിലേക്ക് അനുവാചകലോകത്തെ അദ്ദേഹം നയിക്കുന്നതുതന്നെ ബ്രാഹ്മണാരാധനം ഒരു മതശാസനമാണെന്ന് അറിഞ്ഞിരുന്നതു കൊണ്ടാണു്. ബ്രാഹ്മണഭക്തി പോലെതന്നെ അദ്ദേഹത്തിൽ വിളങ്ങിയിരുന്ന ഒരു ഗുണമാണു് ഗുരുഭക്തി.
