കുഞ്ചൻനമ്പിയാർ
നമ്പ്യാരുടെ പദസ്വാധീനത അത്ഭുതാവഹമെന്നേ പറയേണ്ടൂ! ”സ്വർഗ്ഗാനർഗ്ഗളനിർഗ്ഗളൽസുരസരിൽപഥേഃപ്രപാതം” തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ വാഗ് ദ്ധോരണി.
പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പദങ്ങളെൻ
നാക്കിലങ്ങനെ നൃത്തമാണൊരു ഭോഷ്ക്ക് ചൊല്ലുകയല്ല ഞാൻ
എന്നും,
വാക്കിനാരൊടുമിന്നു കിഞ്ചന തോൽക്കയില്ലതു നിശ്ചയം
എന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതു കേവലം ഔദ്ധത്യപ്രകടനമല്ല; വെറുമൊരു വാസ്തവകഥനം മാത്രമാകുന്നു. പദസ്വാധീനതയിൽ നമ്പ്യാരെ ജയിക്കുന്ന മറെറാരു കവി ഇന്നുവരെ മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നു് അതിശയോക്തിസ്പർശം കൂടാതെ പറയാം. രസനിബന്ധനം, അലങ്കാരപ്രയോഗങ്ങൾ എന്നിവയിലും നമ്പ്യാരുടെ കവിതാവധൂടി ചേതസ്സമാകർഷകയായിരിക്കുന്നു. നിസ്സർഗ്ഗസുന്ദരമായ പദപ്രയോഗത്താൽ തേച്ചുമിനുക്കിയ അനവധി തത്ത്വോപദേശങ്ങളും, പഴഞ്ചൊല്ലുകളും, ജീവിതവിമർശങ്ങളും അണിയിച്ചും കവിതാകാമിനിയെ കുടിലിലും കൊട്ടാരത്തിലും ഒന്നുപോലെ നൃത്തം ചെയ്യിക്കുവാൻ നമ്പ്യാരെപ്പോലെ ഭാഷാകവികളിൽ ആർക്കുംതന്നെ സാധിച്ചിട്ടില്ല. ഈ വിഷയത്തിൽ കവികുലഗുരുവായ തുഞ്ചത്താചാര്യൻ പോലും കുഞ്ചനോട് അസൂയപ്പെടുകയില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
