കഥാപ്രബന്ധങ്ങൾ
വല്ലച്ചിറ മാധവൻ: അടുത്തകാലത്തായി വളരെയധികം ചെറുകഥകളും നോവലുകളും എഴുതിയിട്ടുള്ള ഒരു കഥാകൃത്താണു് വല്ലച്ചിറ മാധവൻ. ‘അനശ്വരസംഗീതം’ ഒരു പ്രണയകഥയാണ്. കവിയും ദുർബ്ബലചിത്തനുമായ ഒരു കേശവൻകുട്ടിയുടെ ദയനീയചിത്രമാണതെന്നും പറയാം. അയൽ വീട്ടിലെ ഒരു പെൺകുട്ടിയാണു് അമ്മിണി. അവളും കേശവൻകുട്ടിയും ബാല്യകാലംമുതല്ലേ സ്നേഹിച്ചു വളർന്നുവന്നു. കൗമാരം വിട്ടതോടുകൂടി കേശവൻകുട്ടി അയാളുടെ ‘ജീവിതത്തിൻ്റെ വേരുകൾ’ മുഴുവൻ അവളിൽ പാകിത്തുടങ്ങി. എന്നാൽ ‘വയസ്സറിഞ്ഞ’ ശേഷവും അമ്മിണിക്ക് അങ്ങനെയുള്ള ഒരു മനോഭാവം ഇങ്ങോട്ടുണ്ടായതുമില്ല. കവി ഒടുവിൽ അവളോടു നേരിട്ടുതന്നെ ചോദ്യംചെയ്തു. “എനിക്കു ചേട്ടൻ്റെകൂടെ ജീവിക്കാൻ ഇഷ്ടമില്ല.” ഇതായിരുന്നു അവളുടെ മറുപടി. തൻ്റെ ജീവിതവേരുകൾ മുഴവൻ അമ്മിണിയുടെ ഹൃദയത്തിൽ നിക്ഷേപിച്ചുപോയ ആ സാധുവിനു പിന്നീടു ജീവിക്കാൻ കഴിവില്ലാതായിത്തീർന്നു. തന്നെ ആശ്രയിച്ചും, തനിക്കാശ്രയമായും കഴിയുന്ന അയാളുടെ ഏകസഹോദരിയാണു് ചന്ദ്രിക. അവളെ സംബന്ധിച്ച തൻ്റെ കർത്തവ്യത്തെപ്പറ്റിയും ഒന്നും ചിന്തിക്കുവാൻ അയാൾക്കു കഴിയുന്നില്ല. പൊയ്പോയ അമ്മിണിയെപ്പറ്റിത്തന്നെ ചിന്തിച്ചും ദുഃഖിച്ചും സ്വജീവിതം ബലിയർപ്പിക്കുവാൻ ശ്രമിക്കുകയാണയാൾ. എന്നാൽ അനവസരത്തിൽത്തന്നെ ബാല്യംമുതൽക്കെ തന്നിൽ സ്നേഹവും അദരവും പ്രകാശിപ്പിച്ചുകൊണ്ടിരുന്നവളും, തൻ്റെ കാമുകിയായി അരികിലിരുന്നവളുമായ സൗദാമിനിയെ അയാൾ വിസ്മരിക്കുകയും ചെയ്യുന്നു. ഒടുവിൽ ആ സൗദാമിനിയുടെ സ്നേഹവും സേവനവുമേറ്റു തന്നെ ആ സാധു മൃതിയടയുകയും ചെയ്യുന്നു. പക്ഷേ ഈ ഭാഗങ്ങൽ വിശ്വാസയോഗ്യമായി പ്രകാശിപ്പിക്കുവാൻ ഗ്രന്ഥകാരനു സാധിച്ചിട്ടില്ല. തന്നാൽ കരേറേണ്ടവർ പലരുമുണ്ടായിരിക്കെ ആ ധർമ്മങ്ങളെല്ലാം തീരെ അവഗണിച്ചു് സ്വാർത്ഥതാല്പര്യത്തിനുവേണ്ടിമാത്രം ജീവിതം ബലിചെയ്യുന്ന ഇത്തരം കവികളും കലാകാരന്മാരും സമുദായത്തിനും രാഷ്ട്രത്തിനും ദുർമ്മാതൃകകളാണെന്നുള്ള വല്ല നിർദ്ദേശവും കേശവൻകുട്ടിയുടെ ജീവിതത്തിൽക്കൂടി തല്ലാൻ ഗ്രന്ഥകാരൻ ഉദ്ദേശിച്ചിട്ടുണ്ടോ എന്തോ?
മുഷിച്ചിൽ കൂടാതെ വായിക്കാൻകൊള്ളാവുന്ന ഒരു നോവലാണ് അനശ്വരസംഗീതം. അച്ചാമ്മ, അനുജത്തി, പട്ടുപാവാട, തലമുറകൾ, യുദ്ധഭൂമി മുതലായവയാണു് ഗ്രന്ഥകാരൻ്റെ മറ്റു നോവലുകൾ. പ്രേമത്തിൻ്റെ മുൾക്കിരീടം, സുറുമയെഴുതിയ കണ്ണുകൾ എന്നുതുടങ്ങി കുറെയേറെ ചെറുകഥാസമാഹാരങ്ങളും മാധവൻ കൈരളിക്കു സംഭാവന ചെയ്തിട്ടുണ്ട്. പക്ഷേ, ദുർഗ്ഗന്ധംനിറഞ്ഞ കഥകൾ ചിലതിൽ ധാരാളമുണ്ടെന്നുള്ളതും പറയേണ്ടി വരുന്നു.
