കഥാപ്രബന്ധങ്ങൾ
കോവിലനും നന്തനാരും: മലയാളത്തിലുണ്ടായിട്ടുള്ള സൈനിക നോവലുകളിൽ ഏററവും ശ്രദ്ധേയമായ രണ്ടു കൃതികളെപ്പറ്റി ഇതിനു മുമ്പു പ്രസ്താവിച്ചുവല്ലൊ. പാറപ്പുറത്തിനെപ്പോലെ ജീവിക്കുവാൻവേണ്ടി നാടുവിട്ടിറങ്ങി പട്ടാളത്തിൽ സേവനമനുഷ്ഠിച്ച മറ്റു ചിലരും അനുഭവപരമായ ചിത്രങ്ങൾ വരച്ചു കാണിക്കാതിരുന്നിട്ടില്ല. അവരിൽ കോവിലൻ, നന്തനാർ എന്നിവർ മുന്നണിയിൽ നിലകൊള്ളുന്നു. കോവിലൻ്റെ ‘എ മൈനസ് ബി’ സൈനികജീവിതാന്തരീക്ഷം ഏതാണ്ടു സജീവമായിത്തന്നെ വരച്ചുകാണിക്കുന്ന ഒരു കൃതിയാണു്. വൈവിദ്ധ്യമുള്ള ഒട്ടനേകം ജീവിതചിത്രങ്ങൾ നമുക്കതിൽ കാണാം. സ്വഭാവഭേദമനുസരിച്ചു വ്യക്തികളുടെ സൈനികജീവിതം ഏതേതുരൂപത്തിൽ പ്രവർത്തിക്കുന്നുവെന്നു വരച്ചുകാണിക്കുവാൻ കോവിലനുള്ള കരവിരുതു അസാമാന്യമാണു്. എന്നാൽ പാറപ്പുറത്തിനെപ്പോലെ അനുഭവകഥനത്തിലൂടെ പുതിയ അറിവുകൾ നമുക്കു നല്കുവാനല്ല, കടുത്ത ചില ജീവിത യാഥാർത്ഥ്യങ്ങൾ അവയുടെ തനിനിറത്തിൽ വെളിപ്പെടുത്തി നമ്മെ ഉൽബുദ്ധരാക്കുവാനാണു് അദ്ദേഹം ശ്രമിച്ചുകാണുന്നതു്.
നന്തനാരുടെ ‘അറിയപ്പെടാത്ത മനുഷ്യജീവികൾ’ ഹൃദയസ്പർശിയായ ഒരു സൈനികകഥയാണു്. ജീവിതത്തെ ഏറ്റവും മധുരതരമാക്കിത്തീർക്കുവാനാണു് പി. കെ. നായർ സൈനിക ജീവിതത്തിൽ പ്രവേശിച്ചതു്. അതു സാധിച്ചില്ല. അപകടത്തിൽപ്പെട്ടു് മരണമടഞ്ഞ അദ്ദേഹത്തിൻ്റെ മൃതദേഹം ഝലം നദീതീരത്തു നിക്ഷേപിച്ചു മടങ്ങുന്ന സന്ദർഭത്തിൽ ഏതു ശിലാഹൃദയനും ഒന്നു വിങ്ങിക്കരഞ്ഞുപോകും. ഇതുപോലെ അറിയപ്പെടാത്ത എത്രയെത്ര മനുഷ്യജീവികൾ സ്വജീവിതം ഹോമിച്ചു കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോകുന്നില്ല!
