കഥാപ്രബന്ധങ്ങൾ
ആനി ജോസഫ്: വിവക്ഷിതത്തെ വെളിപ്പെടുത്തുവാൻ വേണ്ടത്ര കരുത്തും പാടവവും പൂണ്ട തൂലികയും ജിഹ്വയും ഒന്നുപോലെ മേളിച്ചിട്ടുള്ള ഒരു അനുഗൃഹീത കലാകാരിയാണു് ആനി ജോസഫ് ബി. എ., ബി. എൽ. നോവലുകളിൽ അധികമെണ്ണവും വിവർത്തനളാണു്. അവയെപ്പറ്റി അടുത്ത അദ്ധ്യായത്തിൽ വിവരിക്കും. സ്വതന്ത്ര കൃതികളിൽ പ്രധാനമായതു് ‘മോളെൻ്റെ മോൻ നിൻ്റെ’ എന്ന കൃതിയത്രെ. പുറപ്പെട്ടകാലത്തു തന്നെ വളരെയധികം കല്ലേറുകൾ അതിനു തടുക്കേണ്ടതായി വന്നിട്ടുണ്ട്. കത്തോലിക്കാമതത്തിൽപ്പെട്ട ഒരു സ്ത്രി മേല്പറഞ്ഞ നോവലിൻ്റെ ഗ്രന്ഥകർത്തിയായിത്തീരുകയും, ആ മതത്തെ സംബന്ധിച്ച ചില കാര്യങ്ങൾ അതിൽ വിമർശിക്കാനിടവരികയും ചെയ്തതാണു് അത്രയേറെ എതിർപ്പുകൾ ഉണ്ടാകുവാൻ കാരണമായതെന്നു തോന്നുന്നു. കാവാലത്തു കാക്കിച്ചൻ്റെ സന്താനങ്ങളാണു് കുട്ടനും കുട്ടിയും. കാക്കിച്ചൻ ഒരിക്കൽ നേരംപോക്കായി മകളെ തൻ്റേതായും, മകനെ ഭാര്യയുടേതായും പകുത്തു് കഥയിൽ സംസാരിക്കുന്നുണ്ട്. ആ വസ്തുതയെമാത്രം ആസ്പദമാക്കിയാണു് പുസ്തകത്തിനു് മേൽക്കാണിച്ച തലക്കെട്ട് നൽകിയിട്ടുള്ളതു്. കാക്കിച്ചൻ്റെ മകളായ കുട്ടിയാണു് ഇതിലെ പ്രധാനകഥാപാത്രം. അഥവാ കുട്ടിയുടെ ചരിത്രകഥനമാണു് ഈ നോലൽ എന്നുതന്നെ പറയാം.
പ്രസ്തുത ചരിത്രത്തെ പതിന്നാലദ്ധ്യായങ്ങളായി വേർതിരിച്ചു പ്രതിപാദിച്ചിരിക്കുന്നു. പരിണാമ ഗുപ്തിയോടുകൂടിയ ഇതിലെ പ്രതിപാദനം നന്നായിട്ടുണ്ട്. തൻ്റേടക്കാരിയും അഭിമാനിനിയുമായ നായികയെ വായനക്കാർ ഒരിക്കലും വിസ്മരിക്കുകയില്ല. ആ നായികയിൽക്കൂടി ഗ്രന്ഥകർത്രി സ്വന്തം അനുഭവങ്ങളുടെ പാരമാർത്ഥികവശം വെളിപ്പെടുത്തുകയല്ലേ ചെയ്യുന്നതു് എന്നും വായനക്കാർക്കു തോന്നിപ്പോകാം. അത്രമാത്രം സ്വാഭാവികത ആ നായികയുടെ എല്ലാ ചലനങ്ങളിലും പ്രകാശിക്കുന്നുണ്ടു്. എങ്കിലും നിസ്സാരമായ ഒരു കാരണത്താൽ ദാമ്പത്യബന്ധംതന്നെ വലിച്ചെറിഞ്ഞുകളഞ്ഞ നായികയുടെ മനോഭാവം ആദർശപരമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കേരള കത്തോലിക്കാ സമുദായത്തിലെ ആചാരാരാനുഷ്ഠാനങ്ങളിൽ പലതും കാലോചിതമായി പുതുക്കണമെന്നും. ഇന്നത്തെ നില പലതും പ്രതിലോമപരമാണെന്നും ഉള്ള ആശയഗതിയാണു് ഇതിൽ തലയുയർത്തി നില്ക്കുന്നതു്. പക്ഷേ, ഇത്തരം ആശയാവിഷ്കരണ ഘട്ടങ്ങൾ പലപ്പൊഴും നീണ്ട പ്രസംഗങ്ങളായി മാറുന്നു. അതു് അനുഭവരസത്തെ കുറയ്ക്കുന്നതിനു കാരണമായിത്തിരുന്നുമുണ്ട്. കുട്ടി, അവരാച്ചനൊന്നിച്ചു മദിരാശിയിൽ താമസിക്കുമ്പോൾ ‘തിരുഹൃദയപ്രതിഷ്ഠയ്ക്കു’ വന്ന വൈദികനുമായി മതസ്ഥാപനത്തെപ്പറ്റിയും കമ്മ്യൂണിസത്തെപ്പറ്റിയും വീറോടെ വാദിക്കുന്ന ഘട്ടങ്ങൾ വിശേഷിച്ചും അനൗചിത്യത്തെയാണു വിളിച്ചുപറയുന്നതു്. ‘കൊച്ചമ്മിണി’ ഇവരുടെ ആദ്യത്തെ നോവലാണ്.
