ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

ഗോറ: ടാഗോറിൻ്റെ നോവലുകളിൽ മഹത്തും ബൃഹത്തുമായതാണു് ഗോറ. 1907-ലെ സൂരത്തു കോൺഗ്രസ്സിൽവെച്ചാണല്ലോ, കോൺഗ്രസ്സുകാർ മിത വാദികളെന്നും, അരാജക വാദികളെന്നും രണ്ടു കക്ഷികളായിപ്പിരിഞ്ഞതു്. പാശ്ചാത്യമായ, അല്ലെങ്കിൽ ആധുനികമായ ഏതിനേയും എതിർക്കുക. ഭാരതത്തെ എല്ലാ അംശത്തിലും ഭാരതീയമാക്കുക. ഈ ഒരു പ്രവണത അരാജക വാദികളിൽ വളർന്നുവശായി. നോവലിലെ ഗോറ, അരാജകവാദികളുടെ അന്നത്തെ ഈ ചിന്താഗതിയുടെ പ്രതിനിധിയാണു്. വിനയൻ ഏതാണ്ടു മിതവാദികളുടെ പ്രതിനിധിയും. ആദ്ധ്യാത്മികവും സാമൂഹ്യവുമായ വളരെയേറെ ചർച്ചകൾക്കു് ഈ നോവൽ ടാഗോറിനു് അവസരം നൽകിയിട്ടുണ്ടു്. 1857-ലെ ശിപായി ലഹളയിൽ മരണമടഞ്ഞ ഒരു ഐറീഷ് ഭടൻ്റെ പുത്രനായി ജന്മമെടുത്ത ഗോറ ഒരു ബ്രാഹ്മണ സ്ത്രീയുടെ ദത്തുപുത്രനായി വളർന്നുവന്നതോടുകൂടി ഇന്ത്യയിലെ ജാതി സമ്പ്രദായത്തിൽ പരിപൂർണ്ണമായി വിശ്വസിക്കുകയും അതിൻ്റെ പ്രത്യക്ഷ പ്രചാരകനായിത്തീരുകയും ചെയ്യുന്നു. എന്നാൽ തൻ്റെ സിര കളിൽക്കൂടി പ്രവഹിക്കുന്ന രക്തം വിദേശിയും അന്യമതസ്ഥനുമായ ഒരാളുടേതെന്നു അറിയുന്നതോടുകൂടി ഹൈന്ദവരുടെയിടയിൽ താനൊരു അസ്‌പൃശ്യനാണെന്നുള്ള ബോധത്തിലേക്കു അയാൾ കടക്കുകയായി.

അതോടൊപ്പം ഭാരതത്തിലെ ജാതി സമ്പ്രദായത്തിൻ്റെ അടിസ്ഥാന തത്ത്വവും പ്രാചീന സംസ്‌കാരത്തിൻ്റെ മഹത്ത്വവും അയാൾ മനസ്സിലാക്കുകയും ചെയ്യുന്നു. ഭാരതത്തിൻ്റെ വൈകാരികോദ്​ഗ്രഥനത്തെ ലക്ഷ്യമാക്കിയാണു് ടാഗോർ ഈ നോവർ നിർമ്മിച്ചിട്ടുള്ളതു്. ഗോറായെക്കൊണ്ടു് ഗ്രന്ഥകാരൻ ഒടുവിൽ പറയിക്കുന്നതു നോക്കുക: “ഇന്ന് ഞാനാരു ഭാരതീയനാണു്. എന്നെ സ്സംബന്ധിച്ചിടത്തോളം ഭാവിയിൽ ഹിന്ദുവും മുസൽമാനും, ക്രിസ്ത്യാനിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല ഇന്ത്യയിലെ എല്ലാ ജാതികളും എൻ്റെ ജാതിയാണു്. എല്ലാവരുടേയും ഭക്ഷണം എൻ്റേയും ഭക്ഷണമാണ്.” മഹത്തായ ഈ ഗ്രന്ഥം സാഹിത്യ അക്കാദമിയിൽനിന്നു് ടാഗോറിൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു് മലയാളത്തിൽ വിവർത്തനം ചെയ്യിക്കയുണ്ടായി. പ്രസിദ്ധ ഗവേഷകനും പണ്ഡിതനുമായ വി. ആർ. പരമേശ്വരൻപിള്ളയാണു പരിഭാഷകൻ.