ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

വിഷവൃക്ഷവും കൃഷ്ണകാന്തൻ്റെ മരണപത്രവും: സാമുദായികാചാരങ്ങളെ വിമർശിച്ചുകൊണ്ടെഴുതിയ ഒരു നോവലാണു് ബങ്കിംചന്ദ്രൻ്റെ വിഷവൃക്ഷം. കൃഷ്ണകാന്തൻ മരണപത്രം അദ്ദേഹത്തിൻ്റെതന്നെ മറ്റൊരു നോവലാണു്. പ്രസ്തുത നോവലുകൾ രണ്ടും സാഹിത്യസഖി ടി. സി. കല്യാണിയമ്മ നാലു ദശാബ്ദങ്ങൾക്കുമുമ്പെ മലയാളത്തിൽ തർജ്ജമചെയ്തിട്ടുണ്ട്. കല്യാണിയമ്മയുടെ തർജ്ജമയുടെ വൈശിഷ്ട്യം, താഴെച്ചേർക്കുന്ന മഹാകവി വള്ളത്തോളിൻ്റെ ഒരനുമോദന പദ്യത്തിൽ നിന്നു വ്യക്തമാണ്:

“ഇല്ലാ കർക്കശവക്രാതാദി ചെറുതും:
ഭാവത്തിനാഴം കുറ–
ച്ചല്ലാ; ജീവിതധർമ്മചിന്തനമസാ–
മാന്യം, നിസർഗ്ഗോദിതം:

എല്ലാർക്കും സുഗമങ്ങൾ വാക്കുകൾ മധു–
പ്രായങ്ങൾ: മറെറന്തിനി-
ച്ചൊല്ലാമീകൃതി ചൊല്ലെഴും ഭവതിപോ–
ലാഹന്ത, കല്യാണിതാൻ?”

കൃഷ്ണകാന്തൻ്റെ മരണപത്രം, ‘കൃഷ്ണകാന്തൻ്റെ പത്രിക’ എന്ന പേരിൽ സി. പി. ഗോവിന്ദപ്പിള്ളയും വിവർത്തനം ചെയ്തിട്ടുണ്ടു്.