കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
അമ്മ: വിശ്വസാഹിത്യകാരനായ മാക്സിം ഗോർക്കിയുടെ സുപ്രസിദ്ധ കൃതികളിൽ ഒന്നാണു് അമ്മ (2 ഭാഗങ്ങൾ). റഷ്യൻവിപ്ലവത്തെ – ലോകവിപ്ലവത്തെത്തന്നെ – ഉയർത്തിക്കാട്ടുന്നു പ്രസ്തുതകൃതി. 1950-ൽ കെ. വി. മണലിക്കരയും 1951-ൽ തെക്കെമുറിയും ഈയിടെ കെ. എൻ. ഗോപാലൻനായരും അതു മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ടു്.
ഗോർക്കിയുടെ മാൾവാ, ജനുവരി ഒമ്പതു്, മനുഷ്യപ്പുഴുക്കൾ, സ്വപ്നങ്ങൾ തകരുന്നു എന്നു തുടങ്ങിയ കൃതികളും മലയാളത്തിൽ വന്നിട്ടുണ്ട്.
ഡോൺ ശാന്തമായൊഴുകുന്നു: മിഖായേൽ ഷൊളോക്കോവിൻ്റെ വിശ്വോത്തര കൃതിയാണിത്. മാത്യൂലുക്ക് വിവർത്തനം ചെയ്തിരിക്കുന്നു. ‘ഒരു മനുഷ്യൻ്റെ വിധി’, ‘ഉഴുതുമറിച്ച കന്നിമണ്ണ്” തുടങ്ങിയ കൃതികളും മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ടു്.
ഡോക്ടർ ഷിവാഗോ: പാസ്റ്റർനാക്കിൻ്റെ വിശ്വവിദിതമായ കൃതിയാണ് ‘ഡോക്ടർ ഷിവാഗോ’. പ്രസ്തുത നോവലിൻ്റെ വിവർത്തനം, മുട്ടത്തു വർക്കിയാണു നിർവ്വഹിച്ചിട്ടുള്ളതു്.
അലക്സാണ്ഡർ പുഷ്ക്കിൻ്റെ ‘ഡബ്രോവ്‌സ്‌കി’, ‘ക്യാപ്റ്റൻ പുത്രി’, ആൻ്റൺ ചെക്കോവിൻ്റെ ‘സ്റ്റെപ്പി’ എന്നീ കൃതികൾ ഡി. ശ്രീമാൻ നമ്പൂതിരി പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. ‘ഡബ്രോവ്‌സികി’ക്കു് കെ.പി. ജി. നമ്പൂതിരിയുടെ ഒരു വിവർത്തനവുമുണ്ടു്. ചെക്കോവിൻ്റെ ‘ഒരു ‘ കാമുകിയുടെ ജീവിതം’, ‘ആറാം നമ്പർ വാർഡ്” എന്നിവ ടി. എൻ. കൃഷ്ണപിള്ള തർജ്ജമ ചെയ്തിരിക്കുന്നു.
