ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

ടോൾസ്റ്റോയിയുടെ പ്രഖ്യാതമായ മറ്റു രണ്ടു കൃതികളിൽ, ‘അന്നാ കരീനിനാ’ (2 ഭാഗങ്ങൾ) ആനിജോസഫും, ‘ഉയിർത്തെഴുന്നേല്പ്പ്’ സി. ​ഗോവിന്ദക്കുറുപ്പാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്. റഷ്യൻ കർഷകരുടെ ലളിത ജീവിതമാണു് അന്നാകരീനിനായിലെ പ്രമേയം. കരീനിനാ എന്ന സ്ത്രീയുടെ ജീവിത വൈഷമ്യങ്ങൾ ഇതിലെ പ്രധാന രംഗവുമാണു്. മനുഷ്യ ജീവിതത്തെ തീക്കുണ്ഡത്തിൽ ഉരുക്കി കണ്ണീരിൽമുക്കി ശുദ്ധമാക്കുന്നതെങ്ങനെയെന്നു ടോൾസ്റ്റോയിയുടെ ഒടുവിലത്തെ നോവലായ ഉയിർത്തെഴുന്നേല്പ്പ് വ്യക്തമാക്കുന്നു.

ടോൾസ്റ്റോയിയുടെ മറ്റുചില നോവലുകളും മലയാളത്തിൽ വന്നിട്ടുണ്ടു്. ‘സുഖത്തിൻ്റെ പിറവി’ (Family Happiness) ഡി. എൻ. നമ്പൂതിരിയും ‘ചെകുത്താൻ’ ടാറ്റാപുരം സുകുമാരനും പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഒരു ഭ്രാന്തൻ്റെ ഡയറി, കൊസ്സാക്കുകൾ, ഇരുളിൽനിന്നു വെളിച്ചത്തിലേക്ക് എന്നിവ യഥാക്രമം, പി. കെ. ബാലകൃഷ്ണൻ, ഒ. പി. ജോസഫ്, കെ. എസ്‌. എഴുത്തച്ഛൻ എന്നിവരാണു വിവർത്തനം ചെയ്തിട്ടുള്ളത്.

ടോൾസ്റ്റോയിയുടെ പ്രഖ്യാതമായ ‘What then must we do’ എന്ന ഗ്രന്ഥവും മലയാളത്തിൽ അവതരിപ്പിക്കപ്പെടാതിരുന്നിട്ടില്ല. ‘അപ്പോൾ നാം എന്തു ചെയ്യണം’ എന്ന തലക്കെട്ടിൽ നല്ലൊരു തൂലികാവിദഗ്ദ്ധനായ പി. കെ. ശിവശങ്കരപ്പിള്ള എം. എ.യാണു് അതു പരിഭാഷപ്പെടുത്തിയിട്ടുള്ളതു്.