കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
മഹത്തായ ഈ ഗ്രന്ഥം രണ്ടുഭാഗമായി വിഭജിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിൽ 8 പുസ്തകങ്ങളും, രണ്ടാം ഭാഗത്തിൽ 9 മുതൽ 15 വരെ പുസ്തകങ്ങളും ഉപസംഹാരവും അടങ്ങിയിരിക്കുന്നു. ഓരോ പുസ്തകവും അനേകം അദ്ധ്യായങ്ങളോടുകൂടിയതാണു്. ഒന്നാം പുസ്തകത്തിൽ 25 അദ്ധ്യായങ്ങൾ, രണ്ടാം പുസ്തകത്തിൽ 20, ഇങ്ങനെ വിവിധ സംഖ്യകളോടുകൂടിയ ഒട്ടനേകം അദ്ധ്യായങ്ങളാണു് 15 പുസ്തകങ്ങളിലുമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. റോയൽസൈസ് വലിപ്പത്തിൽ സാമാന്യം ചെറിയ ടൈപ്പിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസ്തുത കൃതിയുടെ ഒന്നും രണ്ടും ഭാഗങ്ങളിൽ 1600 പേജുകൾ അടങ്ങിയിരിക്കുന്നു.
നെപ്പോളിയൻ്റെ ചരിത്ര പ്രസിദ്ധമായ റഷ്യനാക്രമണമാണു് മഹത്തും ബൃഹത്തുമായ ഈ കൃതിയിലെ പ്രമേയം. ആ വിജിഗീഷുവിൻ്റെ നേതൃത്വത്തിൽ ഫ്രഞ്ചുപട്ടാളം റഷ്യയെ ആക്രമിക്കുകയും അനവധി നാശനഷ്ടങ്ങൾ വരുത്തുകയും ഒടുവിൽ പരാജയപ്പെട്ടു മടങ്ങുകയും ചെയ്യുന്നു. യുദ്ധത്തിൻ്റെ ഭീകരത അന്യാദൃശമായ വിധത്തിൽ ഗ്രന്ഥകാരൻ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. എങ്കിലും യുദ്ധവൃത്താന്തങ്ങളേക്കാൾ ജനസമുദായത്തിൻ്റെ കഥയ്ക്കാണു് ഗ്രന്ഥകാരൻ പ്രാധാന്യം നല്ലിയിട്ടുള്ളത്. സാമൂഹ്യ പ്രശ്നത്തേയും, അന്നത്തെ റഷ്യൻ ജനതയുടെ സാമൂഹ്യ ജീവിതത്തേയും ചിത്രീകരിക്കുവാനുമാണു് ടോൾസ്റ്റോയി ഇതിൽ വിദഗ്ദ്ധമായി യത്നിച്ചിട്ടുള്ളത്. റോസ്റ്റോവ്, ബോൾക്കോൻസ്‌കി എന്നീ രണ്ടു പ്രഭു കുടുംബങ്ങളുടെ പരസ്പര ബന്ധത്തെ ആസ്പദമാക്കിയാണു് അന്നത്തെ സാമൂഹ്യ ജീവിത ചിത്രീകരണത്തിനു ഗ്രന്ഥകാരൻ മുഖ്യമായും മുതിർന്നിട്ടുള്ളതു്. പ്രധാനവും അപ്രധാനവുമായ അസംഖ്യം കഥാപാത്രങ്ങളെ- ഏതാണ്ടു് അഞ്ഞൂറോളം കഥാപാത്രങ്ങളെ യഥോചിതം കൂട്ടിയിണക്കി ജീവിതത്തിൻ്റെ നഗ്നസത്യങ്ങൾ സ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രതിഫലിപ്പിച്ചു പ്രകാശിപ്പിക്കുവാൻ സാധിച്ചിട്ടുള്ള ടോൾസ്റ്റോയിയുടെ പ്രഗത്ഭമായ പ്രതിഭയ്ക്കു മുമ്പിൽ കൈകൂപ്പുവാനല്ലാതെ, ഈ ബൃഹൽ ഗ്രന്ഥം വായിച്ചുകഴിയുമ്പോൾ അത്ഭുതസ്തബ്ധനായിത്തീരുന്ന ഒരു ഭാവുകനു മറ്റൊന്നും ചെയ്യാൻ സാദ്ധ്യമാവില്ല. അത്രമേൽ ഭാവങ്ങളും ഭാവനകളും ചിന്തകളും തിരയടിച്ചുമറിയുന്ന ഒരു ഗംഭീര മഹാജലധിയാണു് ഈ വിശ്വമഹാഗ്രന്ഥം. കരുണാകരമേനോൻ്റെ വിവർത്തനരീതി കുറ്റവും ശിക്ഷയും കൊണ്ടുതന്നെ നമുക്കു പരിചയപ്പെട്ടിട്ടുണ്ടു്. പ്രസ്തുത കൃതിയേക്കാൻ War and Peace എന്ന കൃതിയുടെ ഈ വിവർത്തനം കുറച്ചുകൂടി അക്ലിഷ്ടവും പ്രസന്നവുമായിട്ടുണ്ട്. നമ്മുടെ നോവൽ സാഹിത്യ ഭണ്ഡാഗാരത്തിൽ ഇതു് ഏറ്റവും ബൃഹത്തും ഈടുറ്റതുമായ ഒരു മുതൽക്കൂട്ടുതന്നെ.
