ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

ടോൾസ്റ്റോയിയുടെ നോവലുകൾ: വിവിധ ശാഖകളിൽ വിഭിന്ന അരൂപങ്ങളിൽ എൺപതോളം കൃതികൾ രചിച്ചിട്ടുള്ള റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ വിശ്വസാഹിത്യകാരൻ എന്ന നിലയിലുള്ള യശസ്സു സുപ്രതിഷ്ഠിതമായിട്ടുള്ളത്. യുദ്ധവും സമാധാനവും, അന്നാകരീനിനാ, ഉയിർത്തെഴുന്നേല്പ് എന്നീ കൃതികളിലൂടെയാണു്. പ്രസ്തുത കൃതികൾ മൂന്നും മലയാളത്തിൽ വിവർത്തനം ചെയ്തിട്ടുണ്ടെന്നുള്ള വസ്തുത മലയാളികളായ നമുക്കു് അഭിമാനപ്രദമാണു്.

യുദ്ധവും സമാധാനവും: വിശ്വവിഖ്യാതമായ ഈ കൃതി റഷ്യൻ ഭാഷയിൽ പ്രസിദ്ധപ്പെടുത്തിയതു് 1869-ലായിരുന്നു. വിശ്വോത്തരമായ പ്രസ്തുത കൃതി പിന്നീടു് ഇംഗ്ലീഷ് തുടങ്ങിയ ലോകത്തിലെ പ്രധാന ഭാഷകളിലെല്ലാം അനന്തരകാലങ്ങളിൽ വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഭാരതത്തിലെ ഏതാനും പ്രാദേശിക ഭാഷകളിലും അതു പകരാതിരുന്നില്ല. എന്നാൽ ഗുജറാത്തി ഭാഷയിൽ മാത്രമേ അതിൻ്റെ പൂർണ്ണ വിവർത്തനം ഇതിനകം ഉണ്ടായിട്ടുള്ളൂ. പ്രസിദ്ധപ്പെടുത്തുവാനുള്ള സാമ്പത്തികമായ വിഷമതയാണു പലരേയും അതിൻ്റെ പൂർണ്ണ വിവർത്തനത്തിൽ നിന്നു മടക്കിയിട്ടുള്ളതു്. പ്രസാധന കലയിൽ അതിനിപുണന്മാരായ കോട്ടയം സാഹിത്യ പ്രവത്തക സഹകരണ സംഘം ഭാരവാഹികളുടെ ഉദാരമായ മനോഭാവത്താൽ പ്രസ്തുത കൃതി പരിപൂർണ്ണമായി മലയാളത്തിലും അച്ചടിച്ചു കാണുവാൻ കേരളീയർക്കു ഭാഗ്യമുണ്ടായിരിക്കുന്നു. 1958-ൽ പ്രസിദ്ധീകൃതമായ ഈ ബൃഹൽഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനം നിർവ്വഹിച്ചിട്ടുള്ളതു് ഇതിനുമുമ്പേ ഡോസ്റ്റോവ്‌സ്‌കിയുടെ Crime and Punishment എന്ന കൃതി വിവർത്തനം ചെയ്തിട്ടുള്ള ഇടപ്പള്ളി പി. കെ. കരുണാകരമേനവനത്രേ.