കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
ധർമ്മാംഗദചരിതവും സത്യകീർത്തിചരിതവും: ഗോൾഡ് സ്മിത്തു് മഹാകവിയുടെ ‘വികാർ ഓഫ് വെക്ഫീൽഡ്’ എന്ന നോവലിനു മലയാളത്തിൽ രണ്ടു തർജ്ജമകളുണ്ടായിട്ടുണ്ട്. സി. ഗോപാലമേനോൻ ബി. എ. ‘ധർമ്മാംഗദചരിതം’ എന്ന പേരിലും, പി. എൻ. കൃഷ്ണപിള്ള ‘സത്യകീർത്തി ചരിതം’ എന്ന പേരിലും ചെയ്തിട്ടുള്ള തർജ്ജമകളാണവ. ഏകദേശം അറുപതിലധികം വർഷങ്ങളായിട്ടുണ്ട് ഈ രണ്ടു വിവർത്തന ങ്ങളും പുറപ്പെട്ടിട്ട്. സത്യകീർത്തിചരിതം 1078-ലാണു് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു്. മൂലകഥയിൽ നിന്നു നാട്ടുനടപ്പനുസരിച്ചു ചില മാറ്റങ്ങൾ ധർമ്മാംഗദ ചരിതത്തിൽ വരുത്തിയിട്ടുണ്ടു്. വിവർത്തനങ്ങളിലെ ഭാഷാ ശൈലി പൊതുവെ നന്നായിട്ടുണ്ടെന്നു പറയാം.
ദുരന്തദുശ്ശങ്ക: ഷേക്സ്പീയരുടെ ഒഥെല്ലോ എന്ന വിശിഷ്ട നാടകത്തെ നോവൽരൂപത്തിൽ എഴുതിയിട്ടുള്ളതാണ് പ്രസ്തുത കൃതി. ഒരു സേനാനായകനെങ്കിലും ശുദ്ധഗതിക്കാരനായ ഒഥെല്ലോയുടെ ഹൃദയദൗർബല്യത്തെ ഇയാഗൊ എന്ന മർത്യപ്പിശാചു ചൂഷണംചെയ്യുന്നു. അങ്ങനെ ഒഥല്ലോ തൻ്റെ പ്രിയതമയും പതിവ്രതയുമായ ഡെസ്ഡെമോണായുടെ ജീവിതത്തെ ശങ്കിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. വാസ്തവം അറിയുവാനിടയായ അടുത്ത നിമിഷത്തിൽ ആ ശുദ്ധാത്മാവു സ്വയം ആത്മഹത്യയും ചെയ്യുന്നു. ഇതാണു് ഈ കൃതിയിലെ പ്രമേയം. ശോക മധുരമായ ഈ കഥയെ കൈനിക്കര കുമാരപിള്ളയുടെ വിദഗ്ദ്ധമായ തൂലിക കൂടുതൽ മിഴിവുള്ളതാക്കിത്തീർത്തിട്ടുണ്ടു്. പ്രേമഹോമം എന്ന കൃതി ഒഥല്ലോ നാടകത്തിൻ്റെ മറ്റൊരു അനുവാദമാണു്. എം. ആർ. വേലുപ്പിള്ള ശാസ്ത്രിയാണ് അതിൻ്റെ നിർമ്മാതാവു്. ദുരന്തദുശ്ശങ്ക 1931-ൽ പ്രസിദ്ധീകൃതമായി. പ്രേമഹോമം 1932-ലും.
