ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

ബങ്കിംചന്ദ്രൻ്റെ കൃതികൾ

ദുർ​​ഗ്ഗേശനന്ദിനി: ആഖ്യായിക അല്ലെങ്കിൽ നോവൽ ആംഗല സാഹിത്യത്തിൽ നിന്നാണു് എല്ലാ ഭാരതീയ ഭാഷകളിലേക്കും കടന്നുവന്നിട്ടുള്ളതു്. ബങ്കാളിൽ ഈ പ്രസ്ഥാനത്തിൻ്റെ പ്രാരംഭകനും പരിപോഷകനുമാണ് ബങ്കിംചന്ദ്രചാറ്റർജി. അദ്ദേഹത്തിൻ്റെ നോവൽനിർമ്മിതിയോടുകൂടിയാണു് ബങ്കാളിൽ സാഹിതീയമായ ഒരു നവോത്ഥാനം ഉൽഘാടിതമായതു്. സ്വകൃതികളിൽക്കൂടി വാഗീയജീവിതത്തെ യഥാതഥമായും, ആദർശനിഷ്ഠമായും ചിത്രീകരിക്കുവാൻ അദ്ദേഹം ശ്രമിച്ചു. ആ ശ്രമം ബങ്കാളിൽ സാമൂഹ്യമായ ഒരു ചിന്താവിപ്ലവം സൃഷ്ടിക്കുവാൻ എല്ലാവിധത്തിലും പ്രേരണചെലുത്തുകയും ചെയ്തു. ബങ്കിം ചന്ദ്രൻ്റെ ആഖ്യായികകളിൽ ഒന്നാമത്തേതാണ് ദുർ​ഗ്ഗേശനന്ദിനി. 1861-ലായിരുന്നു അതിൻ്റെ പുറപ്പാടു്. ബങ്കിംചന്ദ്രൻ ബങ്കാളിയിൽ എഴുതിയതു്’ ഇംഗ്ലീഷിൽ ഭാഷാന്തരപ്പെടുത്തിയതിൻ്റെ വിവർത്തനം ഏകദേശം നാലഞ്ചു ദശാബ്ദങ്ങൾക്കു മുമ്പുതന്നെ നമുക്കു ലഭിച്ചുകഴിഞ്ഞു. സി. എസ്സ്, സബ്രഹ്മണ്യൻപോറ്റി എം. എ യുടെ വിദഗ്ദ്ധ ഹസ്തമാണ് ആ കൃത്യം നിർവ്വഹിച്ചതു്. മലയാള ഭാഷയിലെ നോവൽ വിവർത്തനങ്ങളിൽ ഇതുപോലെ നന്നായിട്ടുള്ള കൃതികൾ അധികമില്ലെന്നാണു അനുവാചകന്മാരുടെ പൊതുവെയുള്ള അഭിപ്രായം. ഒരു തർജ്ജമയാണിതെന്നു സാധാരണന്മാർ മനസ്സിലാക്കുകയില്ല. അത്രത്തോളം ചേതോഹരമായ ഒരു രീതിയാണ് ദുർ​ഗ്ഗേശനന്ദിനിയുടെ വിവർത്തനത്തിൽ പോറ്റി സ്വികരിച്ചിട്ടുള്ളത്. നായികയായ തിലോത്തമയെ വർണ്ണിക്കുന്ന ഭാഗം, എത്ര കണ്ടു മോഹനമായിരിക്കുന്നുവെന്നു് ആ ഭാഗം വായിച്ചുതന്നെ അറിയേണ്ടതാണു്. ജഗത്സിംഹകുമാരൻ, വിമല, അയിഷ, ഗജപതി വിദ്യാദിഗ്ഗജൻ മുതലായ കഥാപാത്രങ്ങളെ ദുർശ്ശേശനന്ദിനി വായിക്കുന്ന ഒരാൾക്ക് ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കുന്നതല്ല. സി. എസ്സ്‌. സുബ്രഹ്മണ്യൻപോറ്റിയുടെ പേർ പ്രസ്തുത വിർവത്തനം ഒന്നുകൊണ്ടു തന്നെ നോവൽ സാഹിത്യത്തിൽ സുപ്രതിഷ്ഠിതമായിത്തീർന്നിട്ടുണ്ട്.