ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

കോമളവല്ലി: ഒരു ഇംഗ്ലീഷ് നോവലിനെ അനുകരിച്ചു തമിഴിൽ എഴുതിയിട്ടുള്ള ഒരു കൃതിയുടെ വിവർത്തനമാണു്. തരവത്ത് അമ്മാളു അമ്മയുടെ ‘കോമളവല്ലി’ 2 ഭാഗങ്ങൾ. പരകീയങ്ങളെ സ്വകീയങ്ങളാക്കി മാറ്റുമ്പോൾ ആകൃതിക്കൊപ്പം പ്രകൃതിക്കും മാറ്റം വരുത്തേണ്ടതാവശ്യമാണു്. അല്ലാതുള്ളവ വൈകൃതങ്ങളായിത്തീരുകയേ ഉള്ളു. മൂല ഗ്രന്ഥത്തിലെ വൈകൃതങ്ങൾ കൊണ്ടായിരിക്കാം, കോമളവല്ലി യൂറോപ്പിലെ ഒരു കഥയായി വായനക്കാർക്കു തോന്നുവാൻ ഇടവരുന്നതു്. തർജ്ജമയിലെ ഭാഷാരീതി അക്കാലത്തെ നിലയ്ക്കു മെച്ചമേറിയതു തന്നെ. അമ്മാളുഅമ്മയുടെ ‘ഭക്തമാല’യും (3 ഭാഗങ്ങൾ) തമിഴിൽനിന്നുള്ള പരിഭാഷയാണു്. ഈ ഗ്രന്ഥകർത്തിയുടെ ലീല (വിവർത്തനം), ഭക്തമാല മുതലായ കൃതികൾ, മലയാള ഗദ്യത്തിൻ്റെ മുതൽകൂട്ടു വർദ്ധിപ്പിക്കുവാൻ ആദ്യകാലത്തു വളരെ സഹായകങ്ങളായിത്തീർന്നിട്ടുള്ളവയത്രേ.* * (അമ്മാളുഅമ്മ – പാലക്കാട്ടു വടക്കുന്തറയുള്ള തരവത്തു തറവാട്ടിൽ 1048 മേട മാസത്തിൽ ജനിച്ചു. ജസ്റ്റീസ്‌പാർട്ടി നേതാവായിരുന്ന ഡോക്ടർ ടി. എം. നായർ ഇവരുടെ സഹോദരനാണു്. തിരുവിതാംകൂറിൽനിന്നു നാടുകടത്തപ്പെട്ട കെ. രാമകൃഷ്ണപിള്ളയ്ക്ക് ഇവർ ആശ്രയമായിത്തീർന്ന കഥ പ്രസിദ്ധമാണല്ലൊ. അമ്മാളുഅമ്മ 1111 ഇടവം 24-ാം തീയതി ദിവംഗതയായി).

പ്രണയപ്രതികാരം: മേരി കാർലിയുടെ Vendetta എന്ന കൃതിയുടെ സ്വതന്ത്ര തർജ്ജമയാണു് ബാപ്പുറാവുവിൻ്റെ ‘പ്രണയപ്രതികാരം’. തർജ്ജമയിൽ സ്വാതന്ത്ര്യം സ്വീകരിച്ചതു് ഉചിതമായിട്ടുണ്ടെങ്കിലും, ദേശകാലൗചിത്യവിചാരമില്ലാതെ ചിലതു പകർത്തിവിട്ടതു് ആക്ഷേപാഹമാണു്. യൂറോപ്യൻ രാജ്യങ്ങളിൽ നായകന്മാർക്കു തമ്മിലുള്ള മത്സരം തീർക്കാൻ വേണ്ടി പരസ്പരം വെടിവെയ്ക്കാമെന്നു വല്ല നിയമവും ഉണ്ടായിരിക്കാം. എന്നാൽ ഇൻഡ്യയിൽ – കേരളത്തിൽ വിശേഷിച്ചും – അങ്ങനെയൊന്നില്ല; അത്തരം സംഭവങ്ങളുമില്ല. എന്നിട്ടും അതിനു വിപരീതമായി പ്രണയ പ്രതികാരത്തിലെ നായകനേയും പ്രതിനായകനേയും കൊണ്ടു കോട്ടയം പട്ടണത്തിൽവച്ചു പരസ്യമായി – അകാരണമായിത്തന്നെ – പരസ്പരം വെടിവെയ്പിക്കുന്നു. അസംഭാവ്യതയും അവിശ്വാസ്യതയും ഇവിടെ കൈകോർത്തുനില്ക്കുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭാഷാഭിവൃദ്ധിക്കുവേണ്ടി ആദ്യകാലത്തു കുറേയേറെ സേവനങ്ങൾ ചെയ്തിട്ടുള്ള ഒരു ഭാഷാപ്രണയിയാണു് ബാപ്പുറാവു.

മേരി കോർളിയുടെ ‘ബറബാസ്” എന്ന കൃതി ഇസഡ്. എം. പാറേട്ട് പരിഭാഷപ്പെടുത്തിയിട്ടുണ്ടു്.