കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
കാരമസോവ് സഹോദരന്മാർ: ഡോസ്റ്റോവ്സ്‌കിയുടെ നോവലുകളിൽവച്ച് ഏറ്റവും പ്രശസ്തവും ഉന്നതവുമായ കൃതിയാണ് കാരമസോവ് സഹോദരന്മാർ. പ്രസ്തുത നോവൽ നാലു ഭാഗങ്ങളായും ഓരോ ഭാഗവും അനേകം അദ്ധ്യായങ്ങളായും വിഭജിച്ചിരിക്കുന്നു. ഉപസംഹാര ഭാഗത്തുപോലും ഏതാനും അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ മഹാനോവൽ ഒരു മഹാഭാരതം തന്നെയാണെന്നു പറയാം. മഹാനായ ഗ്രന്ഥകാരൻ്റെ ദീർഘകാല ചിന്തകളുടേയും, ജീവിതാനുഭവങ്ങളുടേയും സന്ദേഹ വിശ്വാസങ്ങളുടേയും ആകത്തുകയാണിതെന്നു പറഞ്ഞാൽ അധികം തെറ്റില്ല. മൂലകൃതിയുടെ ചൈതന്യം നഷ്ടപ്പെടാതെ തന്നെ മനോഹരമായ ശൈലിയിൽ ഈ മഹാഗ്രന്ഥം മലയാളത്തിലേക്കു വിവർത്തനം ചെയ്ത എൻ. കെ. ദാമോദരൻ ബി. എ., ബി. എൽ. സാഹിത്യപ്രണയികളുടെ അഭിനന്ദനം തികച്ചും അർഹിക്കുന്നുണ്ടു്. ഈ ഗ്രന്ഥകാരൻ്റെ ‘നിന്ദിതരും പീഡിതരും’ എന്ന കൃതിയും ദാമോദരൻ തന്നെയാണു് പരിഭാഷപ്പെടുത്തിയിട്ടുള്ളതു്. ഡോസ്റ്റോവ്‌സ്‌കിയുടെ ലാൻഡ് ലേഡി, മര്യാദക്കുള്ളൻ, പാവപ്പെട്ടവർ എന്നീ കൃതികളും മലയാളത്തിൽ വന്നു കഴിഞ്ഞിട്ടുണ്ട്. ഡി ശ്രീമാൻ നമ്പൂതിരി, പി. കെ. ബാലകൃഷ്ണൻ എന്നിവരാണു യഥാക്രമം ഓരോന്നിൻ്റേയും പരിഭാഷകന്മാർ.
അനശ്വരജനത: പ്രസിദ്ധ സോവിയറ്റ് സാഹിത്യകാരനായ വാസിലിഗ്രോസ്സ് മാൻ, കഴിഞ്ഞ ലോക മഹായുദ്ധത്തിനു ശേഷം യുദ്ധ കാലഘട്ടത്തേയും യുദ്ധത്തേയും പശ്ചാത്തലമാക്കിക്കൊണ്ടു People Immortal എന്നൊരു ബൃഹത് നോവൽ രചിച്ചിട്ടുണ്ടു്. പ്രസ്തുത കൃതി പ്രസിദ്ധ ലേഖകനായ പി. കെ. ശിവശങ്കരപ്പിള്ള വിവർത്തനം ചെയ്തു പ്രസിദ്ധികരിച്ചിട്ടുള്ളതാണു് ‘അനശ്വരജനത’.
