കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ
വിക്ടർ യൂഗോ എന്ന ഫ്രഞ്ചുസാഹിത്യകാരൻ്റെ ‘ലെ മിറാബ് ളെ’ എന്ന കൃതി ഇംഗ്ലീഷിൽ തർജ്ജമ ചെയ്തിട്ടുണ്ടു്. അതിൻ്റെ ഭാഷാവിവർത്തനമാണ് നാലപ്പാട്ടു് നാരായണമേനോൻ്റെ പാവങ്ങൾ. പ്രസ്തുത കൃതി ഒരു പ്രതിപദതർജ്ജമയാണു്. മൂലത്തിലെ ഗദ്യരീതിപോലും സ്വീകരിക്കണമെന്നുള്ള വള്ളത്തോളിൻ്റെ നിർബന്ധം നാലപ്പാടൻ വിവർത്തനത്തിൽ തികച്ചും ആദരിച്ചതിനാൽ ചില ന്യൂനതകൾ ഇതിൽ സംഭവിച്ചു പോയിട്ടുണ്ടു് തത്സംബന്ധമായി വളരെ ഒച്ചപ്പാടുകളും ആയിടയ്ക്ക് ഉണ്ടായിട്ടുമുണ്ടു് . മലയാള സാഹിത്യത്തിൽ, സാമൂഹ്യ നീതിയെ സംബന്ധിച്ചും മറ്റും ഇത്രത്തോളം ആശയ വിപ്ലവം വരുത്തിയിട്ടുള്ള ഒരു കൃതി പാവങ്ങളുടെ ആവിർഭാവത്തിനു മുമ്പ് ഉണ്ടായിട്ടില്ല. പ്രസ്തുത കൃതിയുടെ പുറപ്പാടിനുശേഷം മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടുള്ള ആശയ പരിവർത്തനങ്ങൾ അത്ഭുതാവഹമാണു്. വിസ്തൃതമായ ഈ മഹാഗ്രന്ഥത്തെ മലയാളത്തിലെ പാവങ്ങൾക്കായി തർജ്ജമചെയ്ത നാലപ്പാടൻ, ഭാഷയിലെ ജീവത്സാഹിത്യത്തിനു് ഒരു രാജപാത വെട്ടിത്തെളിയിക്കുക തന്നെയാണു ചെയ്തിട്ടുള്ളതു്.
യൂഗോയുടെ നൊത്ര്‌ദാമിലെ കൂനൻ, തൊണ്ണൂറ്റിമൂന്നു്, കഴുമരം, ചിരിക്കുന്ന മനുഷ്യൻ എന്നീ കൃതികളും പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. വെണ്മണി എസ്. ശങ്കരവാര്യർ, ഇടപ്പള്ളി കരുണാകരമേനോൻ, ഈ. കെ. ദിവാകരൻപോറ്റി, വി. കരുണാകരമേനോൻ എന്നിവരാണു് യഥാക്രമം ഓരോന്നിൻ്റെയും വിവർത്തകന്മാർ.
ജീൻവാൽജീൻ: Less Miserable എന്ന നോവൽ പാവങ്ങൾ എന്ന പേരിൽ പദാനുപദമായി നാലപ്പാടൻ തർജ്ജമചെയ്തിട്ടുള്ള വിവരം സൂചിപ്പിച്ചുവല്ലോ. ‘മലയാളമനോരമ’ക്കാർ പ്രസ്തുത മൂലഗ്രന്ഥത്തിലെ ആശയങ്ങൾക്കു ഭാരതീയച്ഛായ നൽകി സരസ്വതി എന്ന പേരിൽ രണ്ടു
ഭാഗമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പാവങ്ങൾ, മൂന്നു വാല്യങ്ങളിലായി റോയൽ എട്ടു വലിപ്പത്തിൽ 3000-ത്തിലധികം പേജുള്ള ഒരു ബൃഹൽകൃതിയാണു്. അതിൻ്റെ ഏകദേശമായ ഒരു സംക്ഷേപണമാണു് ക്രൗൺ എട്ടിൽ 220 പേജുകൾ മാത്രമുള്ള വിദ്വാൻ കെ. പ്രകാശത്തിൻ്റെ ജീൻവാൽജീൻ. പാവങ്ങളിലെ ഴാങ്വാൽഴാങ് ഇംഗ്ലീഷിൽ ജീൻവാൽജീനായിത്തീർന്നു. അതു തന്നെയാണു് പ്രകാശത്തിൻ്റേയും ജീൻവാൽജീൻ. സരസ്വതിയിൽ ആ പദം ‘ ആസുരകേസരി’യായും രൂപാന്തരപെട്ടു.
