ഗദ്യസാഹിത്യചരിത്രം. ഏഴാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ – വിവർത്തനങ്ങൾ

ബങ്കാളിസാഹിത്യത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു കൃതിയാണു് വിമൽക്കരുടെ ‘തടാകം’: മിസ്സിസ് നിലീനാ അബ്രഹാമാണ് അതു വിവർത്തനം ചെയ്തിട്ടുള്ളത്. താരാശങ്കർ ബാനർജിയുടെ ഒരു സുപ്രസിദ്ധകൃതിയായ ‘ആരോഗ്യനികേതന’വും നിലീനാ അബ്രഹാമാണു തർജ്ജമ ചെയ്തിട്ടുള്ളത്. വിഭൂതിഭൂഷണവന്ദ്യോപാദ്ധ്യായയുടെ ഒരു കൃതിയാണു് ആരണ്യക്. പി വാസുദേവക്കുറുപ്പത്രേ അതു പരിഭാഷപ്പെടുത്തിയിട്ടുള്ളതു്. യുദ്ധം പശ്ചാത്തലമാക്കി ദേവേശ് ‌ദാസ് എഴുതിയിട്ടുള്ള ഒരു നോവലാണ് ‘രക്തരാഗം’, ഒട്ടേറെ നോവലുകൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുള്ള കാരൂർ നാരായണനാണ് അതു വിവർത്തനം ചെയ്തിട്ടുള്ളതു്. സമുദായ സംരക്ഷണത്തിനു അത്യന്തം സഹായകമായ ഒരു കൃതിയാണു് ഒരു മഹാകവികൂടിയായ ജയശങ്കർ പ്രസാദ് എഴുതിയിട്ടു ള്ള ‘കങ്കാൾ’, വിവർത്തനകലയിൽ മുമ്പേതന്നെ വൈദഗ്ദ്ധ്യം നേടിയ എം. വി. ഉണ്ണിത്താനാണു പ്രസ്തുത കൃതി ഭാഷയിലേക്കു പകർത്തിയിട്ടുള്ളതു്.

തമിഴിലെ ചില നോവലുകളും മലയാളത്തിൽ വിവർത്തനം ചെയ്യപ്പെടാതിരുന്നിട്ടില്ല. ‘അലൈ ഓശൈ’ തുടങ്ങിയ അനേകം പ്രശസ്ത കൃതികൾ എഴുതിയിട്ടുള്ള കൽക്കിയുടെ — സാക്ഷാൽ നാമധേയം കൃഷ്ണമുത്തി — ചരിത്രനോവലുകളിൽ ഒന്നാമത്തേതിൻ്റെ സംക്ഷിപ്ത വിവർത്തനമാണ് സാഹിത്യഅക്കാദമിയിൽനിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘പാർത്ഥിവൻ കനവു്”. ധീരതയിലും കലയിലും പുകൾപെറ്റിരുന്ന പല്ലവ സാമ്രാജ്യത്തിൻ്റെ 1300 വർഷങ്ങൾക്കുമുമ്പുള്ള ചരിത്രത്തിലെ ഒരു ഭാഗമാണ് അതിലെ കഥാവസ്തു. ലീലാ ഓംചേരിയാണ്, പ്രസ്തുത നോവലിൻ്റെ വിവർത്തക.