ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

തകഴി ശിവശങ്കരപ്പിള്ള; ഇന്നത്തെ ചെറുകഥാ പ്രസ്ഥാനത്തെപ്പറ്റി സ്മരിക്കുമ്പോൾ നമ്മുടെ മുമ്പിൽ നിരന്നുകഴിയുന്ന ചില പേരുകളുണ്ടു്. അവയിൽ പ്രഥമ ഗണനീയമായ ഒന്നാണു് തകഴിയുടേതു്.

മനുഷ്യ ജീവിതത്തിൽ ഇരുളടഞ്ഞതും പ്രകാശമേറിയതുമായ രണ്ടു വശങ്ങളുണ്ടു്. ജീവിതത്തിൻ്റെ പ്രതിഫലനമോ പ്രകാശനമോ ആയ സാഹിത്യത്തിൽ അതിൻ്റെ രണ്ടു വശങ്ങൾക്കും ഒന്നുപോലെ സ്ഥാനവുമുണ്ടു്. എന്നാൽ, നമ്മുടെ മുൻഗാമികളിൽ പലരും അതിലെ ഇരുണ്ട വശങ്ങൾക്കു സാഹിത്യത്തിൽ സ്ഥാനം കൊടുക്കുവാൻ ധൈര്യപ്പെട്ടിരുന്നില്ല. ഒരു ന്യൂനപക്ഷക്കാർ മാത്രമായിരുന്ന അന്നത്തെ ആസ്വാദകർ ജീവിതത്തിൻ്റെ സമ്മോഹനങ്ങളായ ഭാഗങ്ങളെ നോക്കി ആനന്ദിക്കുവാനാണു് താല്പര്യം പ്രദർശിപ്പിച്ചിരുന്നതും എന്നല്ല. ദുഃഖഭൂയിഷ്ഠമായ ഈ ലോക ജീവിതത്തിൽ സ്വല്പസമയത്തേക്കെങ്കിലും ആനന്ദാനുഭൂതി അടയുന്നതിനുള്ള ഒരു ഉപകരണമായി മാത്രമേ സാഹിത്യ കൃതികളെ അന്നവർ കരുതിയിരുന്നുമുള്ളു. എന്നാൽ സാഹിത്യം ഒരു ന്യൂനപക്ഷത്തിൻ്റെ ആസ്വാദനത്തിനു മാത്രമുള്ളതല്ലെന്നും, അതു ഭൂരിപക്ഷക്കാരായ സാധാരണക്കാരുടേതാക്കി തീർക്കേണ്ടതാണെന്നും ഉള്ള ആശയത്തെ കുഞ്ചൻനമ്പ്യാരെപ്പോലെ സ്വകൃതികൾവഴി പ്രഖ്യാപനം ചെയ്ത ഒരു കഥാകൃത്താണു് തകഴി ശിവശങ്കരപ്പിള്ള.

തൻ്റെ ചുറ്റിലും ഏഴകളുടെ ജീവിത ദുരിതങ്ങൾ കുന്നു പോലെ കൂമ്പാരമായി കണ്ടുകൊണ്ടിരിക്കുമ്പോൾ അവയെ വിസ്മരിച്ചു ഭാഗ്യവാന്മാരായ ചിലരുടെ ജീവിതാനുഭവങ്ങളെ ചിത്രീകരിച്ചു തൃപ്തിപ്പെടുവാൻ, യഥാഭാവ്യമായ ഒരു ലോകത്തെ കെട്ടിപ്പടുക്കുന്നതിനു പ്രചോദനമരുളേണ്ട കലാകാരൻ തുനിയുന്നതു ശരിയല്ലല്ലോ. തകഴി ആ തത്വം ശരിക്കു മനസ്സിലാക്കി അതിനെ ആദരിച്ചു കൊണ്ടാണു് തൻ്റെ കഥകൾ എഴുതുവാൻ മുതിർന്നതു്. ഭാവപ്രകാശനത്തിനു് ഏറ്റവും അനുകൂലമായ പരിതഃസ്ഥിതി സൃഷ്ടിക്കുവാൻ ഈ കലാകാരനുള്ള വൈദഗ്ദ്ധ്യം അന്യാദൃശമാണു്. മനുഷ്യ ഹൃദയത്തിൽ നിഗൂഢമായി സ്ഥിതിചെയ്യുന്ന കാര്യങ്ങളെ ഒരു മനശ്ശാസ്ത്രകാരൻ്റെ നിലയിൽ കണ്ടറിയുവാനും അവയെ കലാപാടവത്തോടുകൂടി പ്രദർശിപ്പിക്കുവാനും അദ്ദേഹം അതിചതുരനാണ്. തകഴിയുടെ കൃതികളെ സ്വാഗതം ചെയ്യാൻ വായനക്കാർ സന്നദ്ധരാകുന്നതും ഇപ്പറഞ്ഞ ഗുണങ്ങൾ കൊണ്ടുതന്നെ.