ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

ആധുനികഘട്ടം

നവോത്ഥാനം: സമുദായത്തിൻ്റെ ചലനം സാഹിത്യത്തിലും സാഹിത്യത്തിൻ്റെ ചലനം സമുദായത്തിലും പ്രതിഫലിക്കുക സാധാരണമാണല്ലോ. ഏററവും അടുത്തകാലത്തായി നമ്മുടെ സാമൂഹ്യജീവിതത്തിൽ അത്ഭുതാവഹമായ പല മാറ്റങ്ങളും സംഭവിച്ചുതുടങ്ങി. ഭാരതമൊട്ടുക്കുണ്ടായ രാഷ്ട്രീയ പ്രക്ഷോഭണം, അതോടുകൂടി ദീർഘ നിദ്രയിൽ ആണ്ടിരുന്ന ഭാരതമഹീദേവിയുടെ ഉണർത്തെഴുന്നേല്ക്കൽ എന്നു തുടങ്ങിയവ അവയിൽ ചിലതുമാത്രമാണു്. ഭാരതത്തിൻ്റെ ദേശീയമായ ഈ ഉയിർത്തെഴുന്നേല്പിൻ്റെ ധീരശബ്ദങ്ങൾ കേരളീയരിലും കേരളീയസാഹിത്യത്തിലും പ്രതിബിംബിക്കുവാനും തുടങ്ങി. ഇക്കാലത്തിൻ്റെ ആദ്യ ഘട്ടത്തിലുണ്ടായ ചില നോവൽ തർജ്ജമകൾ – വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ – മുതലായവ – നമ്മുടെ ജീവിത വീക്ഷണത്തിൽ വലുതായൊരു ഉൽബുദ്ധത വരുത്തിയുമിരുന്നു. ഇതിനിടയിൽത്തന്നെയാണ് ഏ. ബാല കൃഷ്ണപിള്ള മുതലായ സ്വതന്ത്രചിന്തകന്മാരുടെ നവ്യാശയങ്ങളും, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ മുതലായ വിശ്വസാഹിത്യങ്ങളിൽ നിന്നു പരിവർത്തന പ്രേരകങ്ങളായ പല നൂതന കഥകളുടെ വിവർത്തനങ്ങളും എന്നുവേണ്ട, തീക്ഷ്‌ണ തരങ്ങളായ വിവിധ ജീവിതാനുഭവങ്ങളും എല്ലാം ഒത്തുചേർന്ന് ഒരു അഭിനവലോക സംഘടനയുടെ സംസൃഷ്ടിക്കു സംപ്രേരകമായിത്തീരുന്ന ഒരു ചിന്താമണ്ഡലം ചുറ്റും ഉയരുവാൻ തുടങ്ങിയതു്. ഇത്തരത്തിലുള്ള ഒരു സ്ഥിതിവിശേഷം ആധുനിക ചെറുകഥകളെ അതിവേഗത്തിൽ മുന്നോട്ടു നയിക്കുവാൻ കാരണമായും തീർന്നു. ഇന്ന് ആ പ്രസ്ഥാനത്തിൻ്റെ വിജയോത്സവമാണു് സാഹിത്യത്തിൽ നാം സർവ്വത്ര ദർശിച്ചുവരുന്നതു്. അതിനാൽ പ്രസ്തുത വിജയോത്സവത്തിൻ്റെ വൈജയന്തികളായി വർത്തിക്കുന്ന ഏതാനും കാഥികന്മാരെപ്പറ്റി ഇതിനുപരി ചിന്തിക്കാം.