ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

ഏ. ഡി. ഹരിശർമ്മ: ഒരു ജീവചരിത്രകാരൻ, പ്രബന്ധകാരൻ എന്നീ നിലകളിലാണു് ഹരിശർമ്മയെ സാഹിത്യലോകം അറിയുക. എന്നാൽ അദ്ദേഹം ഒരു കഥാകൃത്തുകൂടിയാണെന്നു പറഞ്ഞാൽ ഇന്നത്തെ ലോകം വിശ്വസിക്കുമോ എന്തോ? പക്ഷേ, നാല്പതു കൊല്ലങ്ങൾക്കു മുമ്പു് അദ്ദേഹം ആത്മപോഷിണി, കഥാകൗമുദി മുതലായവയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ചില കഥകൾ വായിക്കുന്നവർക്ക് ശർമ്മ ആധുനിക ചെറുകഥാസാഹിത്യം കെട്ടിപ്പടുത്തവരുടെ കൂട്ടത്തിൽ അപ്രധാനനല്ലാത്ത ഒരു വ്യക്തിയാണെന്നു കാണാവുന്നതാണു്. അദ്ദേഹം അക്കാലത്തു പ്രസിദ്ധപ്പെടുത്തിയിരുന്ന ഏഴു ചെറുകഥകൾ പിന്നീടു സമാഹരിച്ചിട്ടുള്ളതാണു് ‘രസികൻ കഥകൾ’. അതിലെ അതാരു്?, അനാർക്കലി എന്നീ രണ്ടു ചരിത്ര കഥകളൊഴിച്ചാൽ ബാക്കിയുള്ളവ ഒന്നാന്തരം റിയലിസ്റ്റിക്ക് കഥകളാണെന്നു കാണാം. ഭാര്യയാണോ എന്ന കഥ സമുദായത്തിലെ ബാല്യവിവാഹ സമ്പ്രദായത്തെ പരിഷ്ക്കരിക്കേണ്ടതിൻ്റെ ആവശ്യകതയെ വെളിപ്പെടുത്തുന്നു. മറ്റുകഥകളിൽ മൂന്നും അദ്ധ്യാപക പ്രശ്നങ്ങളാണു്. മറ്റൊന്ന് ശുദ്ധഗതിക്കാരനായ ഒരു സാഹിത്യ പ്രണയിക്കു നേരിട്ട വിഡ്ഢിത്തവും. വായനക്കാരിൽ യാഥാർത്ഥ്യപ്രതീതിയും നർമ്മബോധവും അങ്കുരിപ്പിക്കുന്ന ശർമ്മയുടെ ഈ ചെറുകഥകൾ ‘രസികൻ കഥകൾ’ തന്നെ.

പുത്തേഴത്ത് രാമമേനോൻ: മേല്പറഞ്ഞ കാഥികന്മാർ കഥയെഴുതിയിരുന്ന കാലഘട്ടത്തിൽത്തന്നെ വിശ്വസാഹിത്യകാരന്മാരുടെ ചില കൃതികൾ വിവർത്തനം ചെയ്യുവാനും ചിലർ യത്നിച്ചുതുടങ്ങി. അവരിൽ ഏതുകൊണ്ടും മുന്നണിയിൽ നിൽക്കുന്ന ഒരു തൂലികാ വിദഗ്ദ്ധനാണ് പുത്തേഴത്ത് രാമമേനോൻ. ടാഗോർ കഥകളെയാണു് അദ്ദേഹം തർജ്ജമ ചെയ്തിട്ടുള്ളത് ടാഗോറിൻ്റെ കഥകൾതന്നെ ‘കഥാരാമം’ എന്നും മറ്റുമുള്ള പേരുകളിൽ ജനാർദ്ദനമേനോനും ഉണ്ണിക്കൃഷ്ണൻനായർ മുതലായവരും വിവർത്തനം ചെയ്തിട്ടുള്ള വസ്തുതയും ഇവിടെ വിസ്മരിക്കു ന്നില്ല. എന്നാൽ ടാഗോറിൻ്റെ കഥകളിൽ അധികവും വിവർത്തനം ചെയ്യുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുള്ളവരിൽ അഗ്രഗണ്യൻ പുത്തേഴമാണു്. രവീന്ദ്രകഥകളിൽ അധികവും ജീവിതത്തിലെ ചില ചില്ലറ ദുരന്തങ്ങളെയാണു് പ്രകാശിപ്പിക്കുന്നതു്. അത്തരം ജീവിതാനുഭവങ്ങളുടെ പ്രതിഫലനം കേരളീയരിൽ ചില അനുഭൂതികളെ വളർത്തുവാൻ വളരെ സഹായിക്കുകയും, അനന്തരകാലത്തെ കാഥികന്മാക്കു ശില്പ സംവിധാനത്തിൽ അവ വളരെയധികം മാർ​ഗ്ഗദർശകങ്ങളായിത്തീരുകയും ചെയ്തിട്ടുണ്ടെന്നുള്ളതിൽ യാതൊരു സംശയവുമില്ല.