കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ
ഈ. വി. കൃഷ്ണപിള്ള: കഴിഞ്ഞ തലമുറയിൽ ജീവിച്ചുകൊണ്ടു പുതിയ തലമുറയിലേക്കു കാലൂന്നി നിന്നിരുന്ന ഒരു കാഥികനും, ഫലിത സാമ്രാട്ടുമാണു് ഈ. വി. കൃഷ്ണപിള്ള. അദ്ദേഹത്തിൻ്റെ ‘കേളീസൗധം’ 4 ഭാഗങ്ങൾ, ഭാഷയിലെ ചെറുകഥാ പ്രസ്ഥാനത്തെ പഴമയിൽനിന്നു പുതുമയിലേക്കു നയിക്കുവാൻ കൊളുത്തിയ കൈത്തിരികളാണെന്നു പറയാം. പ്രേമത്തിൻ്റെ ചില വികൃത ഗോഷ്ടികളും വിചിത്ര ഭംഗികളും വരച്ചുകാട്ടി സുഖലോലുപന്മാരായ ചിലരെ രസിപ്പിച്ചുകൊണ്ടിരുന്ന മനോധർമ്മകുശലന്മാർ മാത്രമായിരുന്നു മുൻഗാമികളായ നമ്മുടെ കാഥികന്മാർ. ഒരു പ്രത്യേകതരം ശൃംഗാരത്തിനോ വികാരത്തിനോ മാത്രമേ സ്വകാവ്യങ്ങളിൽ അവർ സ്ഥാനം കല്പിച്ചിരുന്നുള്ളു. ജീവിതത്തിലെ ദയാവത്ത്വത്തിൻ്റെ വൈരള്യത്തിലേക്കോ, ക്രൗര്യത്തിൻ്റെ ധാരാളിത്വത്തിലേക്കോ, അതുപോലെ ജീവിതത്തിൻ്റെ മററു ദാരുണവശങ്ങളിലേക്കോ, തിരിഞ്ഞുനോക്കുന്നതിനും, അവയെപ്പറ്റി അല്പമെങ്കിലും അനുകമ്പ പ്രദർശിപ്പിക്കുന്നതിനും അവർക്കു സാധിച്ചിരുന്നില്ല. ഗതാനുഗതികന്മാരായി സഞ്ചരിച്ചിരുന്ന ഈ മുൻഗാമികളുടെ പന്ഥാവിൽനിന്നും ഈ. വി. അല്പമൊന്നു മാറി സഞ്ചരിക്കുവാൻ മുതിർന്നു. തൽഫലമായി സാധാരണന്മാരുടെ കഷ്ടാരിഷ്ടതകളെ സാനുകമ്പം വിശദമാക്കുന്ന ചില കഥകൾ രചിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. അത്രതന്നെയുമല്ല, വിവാഹമംഗളം ചൊല്ലിപ്പിരിയുന്ന കഥാരംഗങ്ങളിൽ ചിലതു വിലാപ ഗാനങ്ങൾ പൊഴിച്ചുകൊണ്ടു മറയുന്ന രംഗങ്ങളായി മാറ്റുവാനും അദ്ദേഹം ആരംഭിച്ചു. പക്ഷേ, ഈ. വി. പ്രസ്ഥാനാന്തരത്തിലേക്കു കടന്നതിനാൽ ഈ പ്രസ്ഥാനത്തിൽ അധികം ചെറുകഥകളെഴുതുവാൻ അദ്ദേഹം തുനിഞ്ഞില്ല.
എസ്. രാമവാര്യർ: സ്വാഭാവികമായ മധുരിമയോടുകൂടി എന്തും ചിത്രീകരിക്കുവാൻ പാടവമേറിയ ഒരു കാഥികനാണ് രാമവാര്യർ. ഹരിപ്പാട്ടുസ്വദേശിയായ അദ്ദേഹം 1959 ഡിസംബർ 19-ാം തീയതി 61-ാമത്തെ വയസ്സിൽ നിര്യാതനായി. ചിന്താബന്ധുരമായ ചില കഥകൾ ഭാഷാപോഷിണി മുതലായ മാസികകളിൽ ഇന്നും തെളിഞ്ഞു കാണാം.
