ഗദ്യസാഹിത്യചരിത്രം. എട്ടാമദ്ധ്യായം

കഥാപ്രബന്ധങ്ങൾ-ചെറുകഥകൾ

“ഇക്കൂട്ടർ തങ്ങളുടെ നേരായ പേരിനെ പാടുള്ളേടത്തോളം മറച്ചു വെക്കുന്നു. നാരിമാർ തങ്ങളുടെ കൊങ്കകളെക്കൂടി ഇത്ര ഭദ്രമായി മറച്ചു വെയ്ക്കാറില്ല.” ഫലിതപ്രയോഗം നന്നായിട്ടുണ്ട്. പക്ഷേ, സഭ്യതയുടെ അതിരു കടന്നുപോയി എന്നുമാത്രം. ചില സംസ്കൃത കവികൾ ചില മുക്തകങ്ങളിൽ ഒന്നാന്തരം അലങ്കാരം പ്രയോഗിച്ചുകാണാറുള്ളതു്. സുകുമാരൻ്റെ ചില ഫലിത പ്രയോഗങ്ങൾ കേൾക്കുമ്പോൾ ആരും ഓർമ്മിച്ചുപോകും. ആത്മന്യേവ…… വിലിയന്തേ… കുചാവിവ.” — “കവിതാ രസചാതുര്യം… വേത്തി നോ പിതാ” എന്നിങ്ങനെയുള്ള ശ്ലോകങ്ങൾ ഏറ്റവും മധുരങ്ങൾതന്നെ. പക്ഷേ, അവയിലെ പ്രയോഗങ്ങൾ സദ് വൃത്തന്മാരുടെ സദസ്സിലേക്കു കടന്നുവരുവാൻ അർഹതയില്ലാത്തതായിത്തീർന്നു എന്നു മാത്രം. സുകുമാരൻ്റെ, ‘ചുരക്കാട്ടിലെ ചോരക്കണ്ണൻ’ മുതലായ കഥകളുടെ ഗതിയും ഇതുതന്നെ. ‘സുകമാരകഥാമഞ്ജരി’ എന്ന പേരിൽ ഈ കാഥികൻ്റെ കഥകളുടെ ആറുഭാഗങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സി. എസ്. ഗോപാലപ്പണിക്കർ: അധികം കഥകളൊന്നും എഴുതിയിട്ടില്ലെങ്കിലും ഗോപാലപ്പണിക്കർ ഭാഷയിലെ ചെറുകഥകളുടെ ആരംഭകന്മാരിൽ അതിമുഖ്യനായ ഒരാളാണു്. കുഞ്ഞിക്കൃഷ്ണമേനോനെപ്പോലെ പ്രണയവിഷയത്തിലോ, എം. ആർ. കെ. സി.യെപ്പോലെ ചരിത്രവിഷയത്തിലോ അല്ലായിരുന്നു പണിക്കർ അധികവും ദൃഷ്ടിപതിപ്പിച്ചിരുന്നതു്. കല്പിതങ്ങളോ വാസ്തവികങ്ങളോ ആയ ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ള വർണ്ണനകളിലായിരുന്നു അദ്ദേഹത്തിൻ്റെ വൈദഗ്ദ്ധ്യം. ‘ഒരു മുതലനായാട്ട്’ പണിക്കരുടെ മനോധർമ്മവിലാസത്തേയും വർണ്ണനാചാതുരിയേയും കേരളക്കര മുഴുക്കെ വിളംബരം ചെയ്തിട്ടുള്ള ഒരു കഥയാണ്. കല്പനാവൈചിത്ര്യത്തോടും പരിണാമഗുപ്തിയോടും കൂടി കഥകളെഴുതുവാൻ പണിക്കർക്കുള്ള പാടവം ‘കഥാരത്നമാല’യിലെ പല കഥകളിലും തെളിഞ്ഞുകാണാം.

ഇ. ഐ. പങ്ങിയച്ചൻ: മുൻപറഞ്ഞ കാഥികന്മാരുടെ കാലത്തോടടുത്തുതന്നെ ജീവിച്ചിരുന്ന ഒരു ചെറുകഥാകൃത്താണു് പങ്ങിയച്ചൻ, മുൻഗാമികളെപ്പോലെതന്നെ സവിശേഷമായ ഭാവരൂപങ്ങളൊന്നും പ്രകാശിപ്പിക്കുവാൻ ഇദ്ദേഹത്തിനും കഴിഞ്ഞിരുന്നില്ല. ‘കഥാവലി’ എന്ന സമാഹാരമാണു് പ്രധാന കൃതി. ദൈവം സാക്ഷി, മനംപോലെ മംഗല്യം, ഒരു വേനലിന്ന് ഒരു വർഷം, അടിതെറ്റിയാൽ ആനയും വീഴും എന്നുതുടങ്ങിയ ഏതാനും കഥകളാണു് കഥാവലിയിൽ ഉള്ളത്. പലതും വൻകഥകൾതന്നെ. എന്നാൽ പൂർവ്വഗന്മാരെപ്പോലെ അസഭ്യമായ ശൃംഗാരം വർണ്ണിക്കുവാൻ ഇദ്ദേഹം തുനിഞ്ഞിട്ടില്ലെന്നുള്ളതു പ്രത്യേകം വക്തവ്യമാണു്. ചില കഥകൾ ആദർശത്തിനുവേണ്ടിമാത്രം നിർമ്മിച്ചിട്ടുള്ളവയാണെന്നു തോന്നുന്നു.

പുത്തേഴത്ത് ഗോവിന്ദമേനോൻ: ലക്ഷ്മിഭായി, വിദ്യാവിനോദിനി തുടങ്ങിയ പഴയ മാസികകളിൽ നല്ല ചെറുകഥകൾ പലതും എഴുതിവന്ന ആദ്യ കാഥികന്മാരിൽ ഒരാളാണു് ഗോവിന്ദമേനോൻ. ഖാൻ ബഹദൂർ, മഹാരാഷ്ട്രനായകന്മാർ തുടങ്ങിയവ അത്തരം കഥകളിൽ ചിലതുമാത്രമാണു്. ഇന്ത്യാചരിത്രവിഷയകമായും മറ്റുമുള്ള ഇത്തരം കഥകൾ അക്കാലങ്ങളിൽ വളരെ ചുരുക്കമായേ കണ്ടിരുന്നുള്ളൂ. ഒന്നും പുസ്തകരൂപത്തിൽ പ്രകാശിപ്പിച്ചിട്ടുള്ളതായി അറിവില്ല. സുപ്രസിദ്ധ

സാഹിത്യകാരനായ പുത്തേഴത്തുരാമമേനോൻ്റെ മാതുലനാണു് ഈ കാഥികൻ എന്നുള്ള വസ്തുത കൂടി ഇവിടെ വ്യക്തമാക്കിക്കൊള്ളട്ടെ.’